മാപ്പ് പറയണം, 2.5 കോടി നഷ്ടപരിഹാരം; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്കെതിരെ മാത്യു കുഴല്‍നാടന്‍റെ നിയമ കമ്പനിയുടെ വക്കീല്‍ നോട്ടീസ്

Jaihind Webdesk
Wednesday, August 30, 2023

 

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെതിരെ അപകീർത്തിക്കേസുമായി മാത്യു കുഴൽനാടൻ എംഎല്‍എയുടെ  നിയമ സ്ഥാപനം. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്നും 2.50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ‘കെഎംഎന്‍പി ലോ’ (KMNP LAW) എന്ന സ്ഥാപനം വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ എത്തിയതിന് പിന്നാലെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിസി.എൻ. മോഹനൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ കൂടി പങ്കാളിയായ നിയമസ്ഥാപനമായ ‘കെഎംഎന്‍പി ലോ’യ്ക്ക് എതിരെയും ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ അക്കമിട്ട് നിഷേധിച്ച കമ്പനി, സി.എൻ. മോഹനനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്.

മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന നിയമസ്ഥാപനത്തിനെതിരെ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അപകീർത്തികരമാണെന്ന് കാട്ടിയാണ് മോഹനന് നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യമായി മാപ്പു പറയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യാന്‍ ഒരുക്കമല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മോഹനന് സുപ്രീം കോടതി അഭിഭാഷകന്‍ മുഖേന നല്‍കിയ നോട്ടീസില്‍ പറയുന്നു.