ഇടുക്കി ചിന്നക്കനാലിൽ റിസോര്‍ട്ട് ഭൂമിയില്‍ അര ഏക്കര്‍ കൂടുതലുണ്ടെന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍ തള്ളി മാത്യു കുഴല്നാടന് എംഎൽഎ. ഭൂമി തിരിച്ചു പിടിക്കും എന്ന് കേൾക്കുമ്പോൾ വെപ്രാളപ്പെടുന്ന ആളല്ല താനെന്നും 50 ഏക്കർ പിടിച്ചെടുക്കും എന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിന്നക്കനാലിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
റിസോര്‍ട്ട് ഭൂമിയില്‍ അര ഏക്കര്‍ കൂടുതലുണ്ടെന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍ തള്ളിയാണ് മാത്യു കുഴല്നാടന് രംഗത്ത് എത്തിയത്. സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ ഒരിഞ്ച് പോലും കൂടുതല്‍ കൈവശം വച്ചിട്ടില്ല. സ്ഥലത്തിന് നിജസ്ഥിതി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. മിച്ച ഭൂമി ആണെങ്കിൽ രജിസ്ട്രേഷൻ നടക്കുമോ എന്നും അദ്ദേഹം ചോദിച്ചു. സ്ഥലത്തിന് സ്വാഭാവിക അതിർത്തി മാത്രം ആണുള്ളത്. ചുറ്റു മതിൽ ഇല്ല. പുറമ്പോക്ക് കയ്യേറി മതിൽ കെട്ടി എന്നത് ശരിയല്ല. സ്ഥലത്തിന് മതിൽ ഇല്ല. റോഡിനോട് ചേർന്ന് സംരക്ഷണ ഭിത്തി മുൻപ് ഉണ്ടായിരുന്നു. അത് ഇടിഞ്ഞു പോയിരുന്നു. അത് ബലപ്പെടുത്തുക മാത്രമാണ് ചെയ്തത്. അത് ചെയ്തില്ലെങ്കിൽ കെട്ടിടം ഇടിഞ്ഞു പോകുമായിരുന്നു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.