മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന കൂടുതല്‍ രേഖകളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ

Jaihind Webdesk
Friday, May 3, 2024

 

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ കൂടുതല്‍ രേഖകളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന അഞ്ച് പുതിയ രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേന്ദ്ര സർക്കാർ സ്വകാര്യ മൈനിംഗ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദ്ദേശിച്ച ഉത്തരവ്, പാട്ടക്കരാർ റദ്ദാക്കണം എന്ന മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ്, സ്വകാര്യ കമ്പനികൾക്ക് നൽകിയ പാട്ടക്കരാറുകൾ റദ്ദാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൈനിംഗ് ജിയോളജി ഡയറക്ടർ നൽകിയ കത്ത് എന്നിവടക്കമുള്ള സുപ്രധാന തെളിവുകളാണ് നല്‍കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കോടതി അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടൻ എംഎല്‍എയുടെ ആവശ്യം.ധാതുമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്‍റെ ഹർജി. സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകി എന്ന് തെളിയിക്കുന്ന മൂന്ന് രേഖകൾ കൂടി മാത്യു കുഴൽ നാടൻ കഴിഞ്ഞയാഴ്ച വാദം നടന്നപ്പോൾ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്.