കൊച്ചി: മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തി നടപടിക്കിരയായ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്നാടന് എംഎല്‍എ. ബാങ്കുമായുള്ള ഇടപാട് തീര്‍ത്ത് വീടിന്റെ ആധാരം തിരികെ വാങ്ങി കുട്ടികള്‍ക്ക് നല്‍കും. അജേഷിന്റെ ചികിത്സാ ചെലവും ഏറ്റെടുക്കും. വിഷയം കെപിസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മാത്യു കുഴല്നാടന് എംഎല്‍എ വ്യക്തമാക്കി.
മൂവാറ്റുപുഴ പായിപ്ര പയത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് കുട്ടികളെ പുറത്താക്കിയതിന് ശേഷം അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. പാര്‍ട്ടി പ്രവര്ത്തകന് വിളിച്ചതനുസരിച്ചാണ് ഇവിടെ എത്തിയതെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. ബാങ്ക് വീട് ജപ്തി ചെയ്തത് കാരണം നാല് കുട്ടികള്‍ വീടിന്റെ പുറത്തുനില്ക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടികളുടെ മാതാപിതാക്കള്‍ എവിടെയെന്ന് അന്വേഷിച്ചപ്പോള്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി അംഗീകരിക്കാനാവുന്നതായിരുന്നില്ല. അങ്ങനെയാണ് അവിടെ എത്തിയത്. നാട്ടുകാരില്‍നിന്ന് കാര്യങ്ങള്‍ വിശദമായി മനസിലാക്കി. ബാങ്കുകാര് ചെയ്തതെല്ലാം നിയമവിരുദ്ധമായ നടപടികളാണെന്ന് ബോധ്യപ്പെട്ടിരുന്നു. ബാങ്ക് അധികൃതരെ വിളിച്ച് സാഹചര്യം വിശദീകരിച്ചു. കുട്ടികള്‍ക്ക് വീട് തുറന്നുകൊടുക്കണമെന്ന് പറഞ്ഞു. എത്താമെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ എത്തിയില്ല. ഇതോടെയാണ് പൂട്ട് തുറന്ന് കുട്ടികളെ അകത്ത് കയറ്റിയത്.
പഞ്ചായത്ത് നല്കിയ സ്ഥലത്താണ് ദളിത് കുടുംബം വീട് വെച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയായിരുന്നു വായ്പ. ഗൃഹനാഥനായ അജേഷ് ഹൃദ്രോഗത്തെ തുടർന്ന് രക്തം ഛർദിച്ച് ആശുപത്രിയിലായിരുന്നു. കൂട്ടിന് അമ്മയും ആശുപത്രിയിലേക്ക് പോയതോടെ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ വാതിലുണ്ടായിരുന്നില്ല. ബാങ്കുകാര് വാതില്‍ കൊണ്ടുവന്ന് പിടിപ്പിച്ചതിന് ശേഷമാണ് കുട്ടികളെ പുറത്താക്കി വീട് പൂട്ടിയത്.
ഒരുപാട് പേര് ആ കുട്ടികളുടെ അവസ്ഥ കണ്ട് വിവരങ്ങള്‍ തിരക്കിയിരുന്നു. ഒരുപാട് പേര് പിന്തുണ നല്കി. ഇത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിങ്ങള്‍ മനസിലാക്കണം. ഇതൊരു സാധാരണ സംഭവമായി നാട്ടില്‍ മാറിയിരിക്കുകയാണെന്നും മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.