
സംസ്ഥാനത്ത് എസ്ഐആര്‍ നടപടിക്രമങ്ങള്‍ സുതാര്യമാകണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. നിലവില്‍ 24 ലക്ഷം പേര് പട്ടികയില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ഇതില്‍ 19 ലക്ഷം പേരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാങ്കേതികവും ലോജിക്കലുമായ കാരണങ്ങള്‍ പറഞ്ഞ് 18 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്. പല ബൂത്തുകളിലും 200-ലധികം വോട്ടര്‍മാരെ കണ്ടെത്താന്‍ രാഷ്ട്രീയ പ്രതിനിധികള്‍ക്കും കഴിയുന്നില്ല. പുറത്തായവരുടെ പട്ടിക നല്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ തയ്യാറായിട്ടില്ലെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ വോട്ടര്‍മാരുടെ അവകാശം ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കാര്യങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിന്നക്കനാല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ടെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ഈ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഏത് അന്വേഷണ ഏജന്‍സി വന്നാലും തനിക്ക് പ്രശ്നമില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി ഇടപാടിലെ ആരോപണങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. 2021-ല്‍ സ്ഥലം വാങ്ങിയപ്പോള്‍ കൃത്യമായി അളന്നു തിട്ടപ്പെടുത്തിയാണ് വാങ്ങിയത്. അതില്‍ ഒരിഞ്ചു ഭൂമി പോലും അധികമായി കൈവശം വെച്ചിട്ടില്ല. ആധാരത്തില്‍ വില കുറച്ചു കാണിച്ചു എന്നാണ് വിജിലന്‍സ് ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം. അങ്ങനെയെങ്കില്‍ സ്റ്റാമ്പ് ആക്ട് പ്രകാരം നടപടിയെടുക്കുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് അടുത്തതോടെ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി.