‘വണ്ടിപ്പെരിയാറിലെ കുഞ്ഞുപെങ്ങളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനുള്ള കരുത്തെങ്കിലും ഉണ്ടാകുമോ ?’ ; റഹീമിനോട് മാത്യു കുഴല്‍നാടന്‍

Jaihind Webdesk
Wednesday, July 7, 2021

തിരുവനന്തപുരം :  പോക്‌സോ കേസില്‍ ജനകീയ വിചാരണ നടത്താനെത്തുന്ന എ.എ റഹീം സ്വന്തം സഹപ്രവര്‍ത്തകന്‍ പിച്ചിച്ചീന്തിയ വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അതിനുള്ള കരുത്തെങ്കിലും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് ഉണ്ടാകുമോയെന്നും മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

വീണ്ടും റഹീംനോട് തന്നെയാണ്..
ഞാൻ ഒരു ദൈവ വിശ്വാസിയാണ്..
ഞങ്ങടെ നാട്ടിൽ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് “പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു.. ഇപ്പോൾ കൂടെ കൂടെയാണ്..” എന്ന്. ഇന്ന് അത് എനിക്ക്‌ ബോധ്യമായി.
കഴിഞ്ഞദിവസം പോത്താനിക്കാട് പോക്സോ വിഷയത്തിൽ അങ്ങയെ സംവാദത്തിന് ക്ഷണിച്ചപ്പോൾ അങ്ങ് അതി വൈകാരികമായി പറഞ്ഞ ചില കാര്യങ്ങൾ ഉണ്ടല്ലോ. നമ്മൾ തമ്മിൽ തർക്കിച്ച് ജയിക്കുന്നതോ തോൽക്കുന്നതോ അല്ല പ്രശ്നം മറിച്ച് ആ പെങ്ങൾ തോറ്റു നിൽക്കുന്നതാണ് പ്രശ്നമെന്ന്.
24മണിക്കൂർ കഴിയുന്നതിനുമുമ്പ് ഞാൻ നിങ്ങളോട് തിരിച്ചു പറയുന്നു.. റഹീമേ വണ്ടി പെരിയറിലെ ആറുവയസ്സുള്ള ആ പെൺകുട്ടി മരിച്ചു കിടക്കുന്നതാണ് പ്രശ്നം.
പോക്സോ കേസ് അറിഞ്ഞിട്ട് പോലീസിനെ അറിയിച്ചില്ല എന്ന കുറ്റം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്നു എന്നതാണല്ലോ എനിക്കെതിരെയുള്ള ആരോപണം. അതിൽ ജനകീയ വിചാരണ നടത്താൻ അങ്ങ് എന്റെ നാട്ടിൽ വരുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. എന്നാൽ ആ വിചാരണ കഴിഞ്ഞിട്ട് അങ്ങ് ആ വണ്ടിപ്പെരിയാർ വരെ പോയി റെഡ് വോളണ്ടിയർ കുപ്പായമിട്ട് ചെങ്കൊടി പിടിച്ച് നടന്ന നിങ്ങളുടെ സഹപ്രവർത്തകൻ പിച്ചിച്ചീന്തിയ ആ കുഞ്ഞു പെങ്ങടെ കുടുംബാംഗങ്ങളെ എങ്കിലും സന്ദർശിക്കാനുള്ള മര്യാദ കാണിക്കണം. ഇന്നലെ പറഞ്ഞ വാക്കുകളിൽ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അങ്ങ് അവിടെ വരെ പോകണം.
അതിനെങ്കിലും ഉള്ള കരുത്ത് എങ്കിലും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക്‌ ഉണ്ടാകുമോ..?