പ്രസംഗം തടസപ്പെടുത്തിയത് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണം ഉന്നയിക്കുമെന്ന പേടിയില്‍; മാത്യു കുഴല്‍നാടന്‍ എംഎല്‍എ

Jaihind Webdesk
Thursday, August 10, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ മാസപ്പടി വിവാദം പ്രതിപക്ഷം സഭയിലവതരിപ്പിച്ചു. ഭൂപതിവ് ഭേദഗതി ബിൽ ചർച്ചയ്ക്കിടയിലാണ് മാത്യു കുഴൽനാടൻ വിവാദം സഭയിൽ അവതരിപ്പിച്ചത്. വിഷയം സഭയിൽ അവതരിപ്പിച്ചതോടെമന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ ബഹളമുണ്ടാക്കി പ്രസംഗം തടസപ്പെടുത്തുകയും സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. പിന്നീട് സഭാ രേഖകളിൽ നിന്ന് ഇത് നീക്കം ചെയ്യുകയും ചെയ്തു. ഈ സമയം സഭാ ടി.വിയും സംപ്രേക്ഷണം നിർത്തിവെച്ചു.

സഭാ സമ്മേളനം തുടരുന്നതിനിടയിൽ വൈകുന്നേരം ഭൂപതിവ് ഭേദഗതി ബിൽ ചർച്ചയ്ക്കിടയിലാണ് വീണാ വിജയന്‍റെ മാസപ്പടി വിവാദം മാത്യു കുഴൽനാടൻ സഭയിൽ അവതരിപ്പിച്ചത്. വിഷയം സഭയിൽ അവതരിപ്പിച്ചതോടെ മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ ബഹളമുണ്ടാക്കി പ്രസംഗം തടസപ്പെടുത്തി. സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയും പിന്നീട് സഭാ രേഖകളിൽ നിന്ന് മാത്യു കുഴല്‍നാടന്‍റെ നാടൻ പരാമർശങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഈ സമയം സഭാ ടിവിയും സംപ്രേഷണം നിർത്തിവെച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണം ഉന്നയിക്കുമെന്ന് ആശങ്കപ്പെട്ടാണ് സഭയിലെ തന്‍റെ പ്രസംഗം തടസപ്പെടുത്തിയതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു എംഎൽഎ എന്ന നിലയിൽ തന്‍റെ അവകാശങ്ങൾ ഹനിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.  സാമാന്യജനം പറയാന്‍ ആഗ്രഹിക്കുന്നത് സഭയില്‍ പറയാനാണ് തന്നെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി സിപിഎം അധഃപതിച്ചു. ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട ബില്ലില്‍ സംസാരിക്കുന്നതിന് പാര്‍ട്ടി പി സി വിഷ്ണുനാഥിന് പകരം തന്നെ ചുമതലപ്പെടുത്തിയിരുന്നു. ബില്ലിന്‍റെ ആദ്യഘട്ടത്തില്‍ തടസവാദം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഈ ബില്ലില്‍ ഭൂമി പതിച്ച് നല്‍കുന്ന നടപടിക്രമങ്ങള്‍ പിന്നാലെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞപ്പോള്‍ അത് അഴിമതിക്ക് വഴിതെളിക്കുമെന്നും അഴിമതി വരുന്നത് പല രൂപത്തിലായിരിക്കുമെന്നും, സിപിഎം അഴിമതിയെക്കുറിച്ച് നിര്‍വചിച്ച കാര്യം സഭയില്‍ ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ ഭരണപക്ഷവും സ്പീക്കറും ചേര്‍ന്ന് പ്രസംഗം തടസപ്പെടുത്തുകയായിരുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ബില്ലില്‍ നിന്ന് മാറി സംസാരിച്ചാല്‍ അത് രേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ സമീപനമാണ് ഉണ്ടായത്. എംഎല്‍എയെന്ന നിലയിലുള്ള തന്‍റെ അവകാശത്തെ ഹനിച്ചു. കേരളത്തിന് പുറത്തെയും രാജ്യത്തിന് പുറത്തെയും നിരവധി വിഷയങ്ങള്‍ മന്ത്രിമാരടക്കം ഇന്ന് സഭയില്‍ സംസാരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ മകള്‍ക്കും എതിരെ താനെന്തെങ്കിലും ഉന്നയിക്കുമോയെന്ന് പേടിച്ച് തന്‍റെ പ്രസംഗം തുടക്കത്തില്‍ തന്നെ തടസപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വാര്‍ത്തയായ ആദായ നികുതി ഇന്‍റരിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവ് വായിക്കുക മാത്രമാണ് ചെയ്തത്. ആര്‍ക്കെങ്കിലുമെതിരെ വ്യക്തിപരമായ ഒന്നും താന്‍ പറഞ്ഞിരുന്നില്ല. ചട്ടപ്രകാരം പറയാന്‍ അവകാശമുള്ള കാര്യങ്ങളാണ് സഭയില്‍ പറയാന്‍ ശ്രമിച്ചത്. കേരളത്തിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ജനാധിപത്യ അവകാശത്തെയാണ് സ്പീക്കര്‍ ഹനിച്ചത്. മന്ത്രിമാരടക്കം ബഹളം വെച്ചു. അവകാശ ലംഘനത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പീക്കറും ഭരണകക്ഷി അംഗങ്ങളും എന്തോ ഭയപ്പെടുന്നത് കൊണ്ടാണ് മാത്യു കുഴല്‍നാടന്‍റെ പ്രസംഗം തടസപ്പെടുത്തിയതെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. മോദിയും അമിത്ഷായും എങ്ങനെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവോ അതുപോലെയാണ് കേരളത്തിലും നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  നിയമസഭാ മന്ദിരത്തിലെ മീഡിയ റൂമില്‍ പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ ശ്രമിച്ചെങ്കിലും ചീഫ് മാര്‍ഷല്‍ അനുമതി നല്‍കിയില്ലെന്നും എംഎല്‍എമാർ പറഞ്ഞു.