‘ഉച്ചകഴിഞ്ഞ് ജോലി ചെയ്താൽ മതി’; തോമസ് ചാഴിക്കാടന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കണം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

Jaihind Webdesk
Thursday, April 11, 2024

കോട്ടയം: കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. കോട്ടയം വിജയപുരം പഞ്ചായത്തിലാണ് സംഭവം. ജോലിക്ക് കയറിയതിനു ശേഷം ചാഴിക്കാടന്‍റെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനാണ് മേറ്റിന്‍റെ നിർദേശം.

ഇന്നലെ വൈകിട്ടായിരുന്നു വിജയപുരം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സപ്പ് ഗ്രൂപ്പിൽ മേറ്റിന്‍റെ സന്ദേശം എത്തിയത്. കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന്‍റെ പ്രചാരണ പരിപാടി നിർബന്ധമായും എല്ലാ തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കണമെന്ന് ആയിരുന്നു മേറ്റ് ജ്യോതിയുടെ നിർദേശം. ജ്യോതിയുടെ വാട്സപ്പ് സന്ദേശം പുറത്തു പോയതോടെയാണ് സംഭവം വിവാദമായത്. വിജയപുരം പഞ്ചായത്തിലെ ഇടത് പഞ്ചായത്ത് അംഗമായ ബിജുവാണ് ജ്യോതിക്ക് ഇത്തരത്തിലൊരു നിർദേശം തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകാൻ പറഞ്ഞത്. ബിജു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രൂപ്പിൽ ജ്യോതി സന്ദേശം അയച്ചത്.

പഞ്ചായത്തിൽ എത്തി ആദ്യം എല്ലാവരും ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഇടത് സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ ആയിരുന്നു നിർദേശം. പ്രചാരണ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഉച്ചകഴിഞ്ഞ് ജോലി ചെയ്താൽ മതി എന്നായിരുന്നു ജ്യോതിയുടെ നിർദേശം. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് യുഡിഎഫ്. അതേസമയം തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ വത്കരിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിച്ചു.