പാർലമെന്‍റില്‍ വന്‍ സുരക്ഷാ വീഴ്ച; എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് രണ്ടുപേർ ചാടി

Jaihind Webdesk
Wednesday, December 13, 2023

 

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ഗാലറിയില്‍ നിന്ന് ചാടിയവരില്‍ നിന്ന് മഞ്ഞനിറത്തിലുള്ള സ്പ്രേ പിടികൂടിയിട്ടുണ്ട്. ശൂന്യവേള നടക്കുന്നതിനിടെയാണ്‌ സംഭവം. രണ്ടു പേരാണ് സന്ദർശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയത്. എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.

സന്ദർശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളർ പോപ്അപ്പ് കത്തിച്ചു. എംപിമാരുടെ കസേരകളിലേക്കാണ് ഇവർ ചാടിയത്. സഭാഹാളില്‍ മഞ്ഞനിറമുള്ള പുക ഉയര്‍ന്നതായി എംപിമാര്‍ പറഞ്ഞു. പാര്‍ലമെന്‍റിന് പുറത്ത് കളര്‍ ബോംബ് പ്രയോഗിച്ചവരും പിടിയിലായിട്ടുണ്ട്. ഒരു സ്ത്രീയടക്കം രണ്ടുപേരാണ് പിടിയിലായത്. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലാണ് സുരക്ഷാ വീഴ്ച.