പൊന്നാനിയില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവർച്ച; 350 പവന്‍ സ്വർണ്ണം മോഷ്ടിച്ചു

Jaihind Webdesk
Sunday, April 14, 2024

 

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവനോളം സ്വർണ്ണം കവർന്നു. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണമാണ് കവർന്നത്. പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപമുള്ള രാജേഷിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. രാജേഷ് കുടുംബത്തോടൊപ്പം ദുബായിലാണുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇവർ വീട്ടിൽവന്നു പോയത്. ഇതിനിടെ ശനിയാഴ്ച വൈകിട്ട് വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്‍റെ പിൻവശത്തുള്ള ഗ്രില്ല് തകർത്തനിലയിൽ കാണുകയായിരുന്നു. തുടർന്ന് അകത്തു കയറിയപ്പോൾ അലമാരയും മറ്റും തുറന്നിട്ട നിലയിൽ കണ്ടെത്തി. ഉടൻ വീട്ടുടമയെ വിവരം അറിയിച്ചു.

350 പവൻ സ്വർണ്ണം മോഷണം പോയതായാണ് ഇവർ പോലീസിൽ അറിയിച്ചിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അന്വേഷണം നടത്തിവരികയാണ്. വീട് സിസി ടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസി ടിവി ഡിവിആർ ഉൾപ്പെടെ കവർന്നിട്ടുണ്ട്. മോഷണവിവരം അറിഞ്ഞതോടെ രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.