സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കില്‍ വന്‍ സ്വർണപ്പണയ തട്ടിപ്പ്; ഡിവൈഎഫ്ഐ പ്രവർത്തകനായ ബാങ്ക് ജീവനക്കാരന് സസ്പെന്‍ഷന്‍

Jaihind News Bureau
Monday, August 3, 2020

കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ സ്വർണ്ണ പണയത്തട്ടിപ്പ്. പേരാവൂരിനടുത്ത് കൊളക്കാട് സർവ്വീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പ് നടത്തിയത് സി പി എം ജില്ലാ നേതാവിൻ്റെ മകനായ ബാങ്ക് ക്ലാർക്ക്. തട്ടിപ്പിനെ തുടർന്ന് ബാങ്ക് ജീവനക്കാരൻ വി.പി ബിനേഷിനെ ഭരണ സമിതി സസ്പെൻഡ് ചെയ്തു,

സി.പി.എം ജില്ലാ കമ്മറ്റി അംഗം ജി.വി പത്മനാഭൻ്റെ മകനാണ് സസ്പെൻഷനിലായ ബിനേഷ്.ഇടപാടുകാർ പണയം വെച്ച സ്വർണ്ണം അപ്രൈസറിൻ്റെ ചുമതല കൂടി ഉണ്ടായിരുന്ന ബിനേഷ് എടുത്ത് വേറെ ആളുടെ പേരിൽ വീണ്ടും പണയം വെച്ചാണ് തട്ടിപ്പ് നടത്തിയത്.
സി പി എം നേതാവ് ജോയ് ചെമ്പരത്തിക്കൽ ആണ് ബാങ്ക് പ്രസിഡൻ്റ്. പ്രാഥമിക പരിശോധനയിൽ 7 ലക്ഷത്തിൻ്റെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വർണ്ണ പണയം സംബന്ധിച്ച സൂഷ്മ പരിശോധന തുടരുകയാണ്. 25 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി സൂചനയുണ്ട്.
തട്ടിപ്പിൻ്റെ വ്യാപ്തി കുറയ്ക്കാനുള്ള ശ്രമം ബാങ്ക് ഭരണസമിതി നടത്തുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

തട്ടിപ്പിനെ കുറിച്ച് പൊലീസിൽ പരാതി നൽകാൻ സി പി എം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ബാങ്ക് ഭരണസമിതി ഒരു സബ് കമ്മിറ്റി രൂപികരിക്കുകയാണ് ചെയ്തിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ആൾ സി പി എം നേതാവിൻ്റെ മകനും ഡിവൈഎഫ്ഐ പ്രവർത്തകനും ആയത് കൊണ്ട് തട്ടിപ്പ് ഒതുക്കി തീർക്കാനുള്ള ശ്രമവും ഉണ്ടായി.എന്നാൽ ബാങ്ക് ഭരണസമിതിയിലെ രണ്ട് പേർ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നതോടെ ബിനെഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഇതേ ബാങ്കിലെ കലക്ഷൻ ഏജൻ്റ് കുറിയുടെ തുക ബാങ്കിൽ അടക്കാതെ ക്രമക്കേട് നടത്തിയിരുന്നു. എന്നാൽ ബാങ്ക് ഭരണസമിതി അത് ഒതുക്കി തീർക്കുകയായിരുന്നു.