പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം. ടയർ കടയ്ക്കാണ് ഇന്നലെ രാത്രി തീ പിടിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി വൈകിയാണ് തീ അണച്ചത്. നഗരത്തിലെ മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയര്‍ കടയ്ക്കാണ് തീപിടിച്ചത്. മാര്‍ക്കറ്റ് റോഡിലെ ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ടയര്‍ ഗോഡൗണില്‍ തീ പിടിച്ചതോടെ പ്രദേശത്താകെ പുകയും ദുര്‍ഗന്ധവും പരന്നു.
വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. താഴത്തെ നിലയില്‍ നിന്ന് കടയുടെ മുകള്‍നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ടയര്‍ ഗോഡൗണിലേക്കും തീ പടര്‍ന്നു. സംഭവസമയത്ത് കടയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. താഴത്തെ നിലയില്‍ ടയര്‍ കടയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന തുണിക്കട, അലുമിനിയം കട എന്നിവയിലേക്ക് തീ പടരാതിരുന്നതും തീവ്രത കുറച്ചു.
കെട്ടിടപരിസരത്ത് മാലിന്യം കത്തിച്ചതില്‍ നിന്ന് ടയര്‍ കടയിലേക്ക് തീ പടർന്നു എന്നാണ് കരുതുന്നത്. പ്രദേശത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി. പിന്നീട് കഞ്ചിക്കോട്ട് നിന്നും ആലത്തൂര്‍, കോങ്ങാട്, ചിറ്റൂര്‍ ഭാഗങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ തീയണക്കുകയായിരുന്നു.