ബീഹാര്‍ സെക്രട്ടേറിയറ്റിലും തീപിടിത്തം ; നിരവധി ഫയലുകള്‍ കത്തി നശിച്ചു; അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷം

തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കെ ബിഹാർ സെക്രട്ടേറിയറ്റിൽ വൻ തീപിടിത്തം. ഗ്രാമ വികസന വകുപ്പിന്‍റെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. രണ്ട് നിലകളിലായി ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നിരവധി പ്രധാന ഫയലുകള്‍ കത്തി നശിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും തീപിടിത്തത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണ് നടന്നതെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് സെക്രട്ടേറിയറ്റിലെ താഴത്തെ നിലയില്‍ തീ പിടിച്ചത്. ഇത് പിന്നീട് ഒന്നാം നിലയിലേക്കും പടരുകയായിരുന്നു. 15 മണിക്കൂറിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്. ബീഹാര്‍ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വിവാദം നിതീഷ് കുമാറിന് തലവേദനയാകുമെന്നാണ് വിലയിരുത്തല്‍.

അടുത്തിടെ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന് സമാനമായ വിവാദമാണ് ബീഹാറിലും ഉയര്‍ന്നത്.

Comments (0)
Add Comment