കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്നിബാധ: രോഗികളെ മാറ്റി, ഒഴിവായത് വന്‍ അപകടം

Jaihind Webdesk
Monday, February 13, 2023

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം. നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. വലിയ തോതില്‍ തീയും പുകയും ഉർന്നതോടെ തൊട്ടടുത്ത കെട്ടിടങ്ങളില്‍ നിന്ന് രോഗികളെയും കൂട്ടിരിപ്പുകാരെയും മാറ്റി. ഫയർഫോഴ്സ് യൂണിറ്റുകള്‍ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് വൻ സ്ഫോടന ശബ്ദത്തോടുകൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാലാം വാർഡിൽ ഡയാലിസിസ് യൂണിറ്റിന് സമീപത്തായി തീപിടിത്തമുണ്ടായത്. നാലാം വാർഡിൽ ഡയാലിസ് യൂണിറ്റിന് സമീപത്ത് പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ കെട്ടിടത്തിൽ നിന്നാണ് തീ പടർന്നത്.

തീ പടരുന്നത് കണ്ട് നാലാം വാർഡിന് സമീപത്തുനിന്നും രോഗികളെയും കൂട്ടിരിപ്പുകാരെയും അതിവേഗം ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി. പിന്നാലെ തീപടർന്ന കെട്ടിടത്തിലെ അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചു. തീ പിടിച്ച കെട്ടിടത്തിന് പിന്നിലുള്ള മൂന്നാം വാർഡിലെ നൂറിലധികം വരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. അതേസമയം തീപിടിത്തം ഉണ്ടായിരിക്കുന്നത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക്കൽ വസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്റ്റോറൂമിൽ നിന്നാണെന്നും കാരണം അന്വേഷിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ചങ്ങനാശേരി, ഏറ്റുമാനൂർ, പാമ്പാടി, കോട്ടയം എന്നിവിടങ്ങളിൽ നിന്നായി 11 യൂണിറ്റ് ഫയർഫോഴ്സ് സേനാ അംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ട് മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.