തൃശൂർ വടക്കാഞ്ചേരിയില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Jaihind Webdesk
Monday, January 30, 2023

തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. അപകടത്തില്‍ പാലക്കാട് കാവശേരി സ്വദേശി മണികണ്ഠന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് അഞ്ചേകാലോടെയായിരുന്നു സംഭവം. അപകടത്തില്‍ വെടിക്കെട്ട് പുര പൂർണ്ണമായും കത്തി നശിച്ചു. ജോലി സമയം കഴിഞ്ഞതിനാല്‍ മണി ഒഴികെയുള്ള തൊഴിലാളികൾ കുളിക്കാനും മറ്റുമായി പുറത്തായിരുന്നു. പാടത്തിന് നടുവിലാണ് വെടിക്കെട്ട് പുരയെന്നതിനാലും മറ്റ് തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.

 

പ്രകമ്പനത്തില്‍ തകർന്ന ജനല്‍ച്ചില്ലുകള്‍

കിലോമീറ്ററുകള്‍ അകലേക്ക് വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനമുണ്ടായെന്ന് പ്രദേശവാസികൾ പറയുന്നു. ഓട്ടുപാറ, അത്താണി എന്നിവിടങ്ങള്‍ വരെ കുലുക്കമുണ്ടായതായി പറയുന്നു. ഈ പ്രദേശിങ്ങളില്‍ ചില കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകള്‍ തകർന്നിട്ടുണ്ട്. ഫയര്‍ ഫോഴ്സെത്തി ഏറെ നേരം പണിപ്പെട്ടാണ് വെടിക്കെട്ട് പുരയിലെ തീ അണച്ചത്. പോലീസും സ്ഥലത്തെത്തിയിരുന്നു. കുണ്ടന്നൂര്‍ സ്വദേശി സുന്ദരാക്ഷന്‍റെ സ്ഥലത്താണ് വെടിക്കെട്ട് പുര പ്രവര്‍ത്തിച്ച് വരുന്നത്. കുണ്ടന്നൂര്‍ സ്വദേശി ശ്രീനിവാസനാണ് ലെെസന്‍സി. അതേസമയം അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.