എസ്എഫ്ഐ വനിതാപ്രവർത്തകരുടെ മോർഫ് ചെയ്ത ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിച്ച് നേതൃത്വം; കൊല്ലം എസ്എഫ്ഐയില്‍ പൊട്ടിത്തെറി, കൂട്ടരാജി

Jaihind Webdesk
Friday, June 21, 2024

 

കൊല്ലം: വനിതാപ്രവർത്തകരുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിച്ചതിനുപിന്നാലെ കൊല്ലം ജില്ലയിലെ എസ്എഫ്ഐയില്‍ കൂട്ടരാജി. ജില്ലാ കമ്മിറ്റി നേതാവടക്കം 25 ഓളം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധസൂചകമായി രാജിവെച്ചത്. പാർട്ടിയില്‍ നടക്കുന്ന നെറികേടുകള്‍ക്ക് നേതൃത്വം കൂട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. എസ്എഫ്ഐ വനിതാപ്രവർത്തകരുടെ മോർഫ് ചെയ്ത ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചതില്‍ പ്രതിസ്ഥാനത്തുള്ള ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കുന്ന പാർട്ടി നേതൃത്വത്തിന്‍റെ നിലപാടാണ് ഏറെക്കാലമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളെ പൊട്ടിത്തെറിയിലേക്ക് എത്തിച്ചത്.

കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി മെംബറുമായ പ്രജിന്‍റെ നേതൃത്വത്തിലാണ് എസ്എഫ്ഐ പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചത്. നേരത്തെ 30 ഓളം എസ്എഫ്ഐ വനിതാ പ്രവർത്തകരുടെ മോർഫ് ചെയ്ത ദൃശ്യങ്ങള്‍ നിരവധി അശ്ലീല സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതിനെതിരെ പ്രവർത്തകർ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം എത്തിനിന്നതാകട്ടെ എസ്എഫ്ഐ കുന്നിക്കോട് മുന്‍ ഏരിയാ സെക്രട്ടറിയും നിലവില്‍ ഡിവൈഎഫ്ഐ മേഖലാ ട്രഷററുമായ അന്‍വർ ഷായിലും. എന്നാല്‍ പ്രതിസ്ഥാനത്ത് ഇയാളാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം നിലച്ചു. പാർട്ടി നേതൃത്വം ഇടപെട്ടാണ് അന്വേഷണം ഒതുക്കിയതെന്ന് പ്രവർത്തകർ ആരോപിക്കുന്നു.

ഏറ്റവും ഗുരുതരമായ ഒരു കുറ്റകൃത്യത്തില്‍ പാർട്ടി നേതൃത്വം പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത് വനിതാപ്രവർത്തകർ ഉള്‍പ്പെടെയുള്ളവരെ ഞെട്ടിപ്പിച്ചു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐയില്‍ നിന്ന് കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി മെംബറുമായ പ്രജിന്‍റെ നേതൃത്വത്തില്‍ 25 ഓളം പേർ രാജിവെച്ചത്. തെറ്റ് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം. എന്നാല്‍ വനിതാപ്രവർത്തകരുടെ മാനത്തിന് പോലും വില കല്‍പ്പിക്കാതെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച നേതൃത്വത്തെ അംഗീകരിക്കാനാവില്ലെന്നും ഇവർ പറയുന്നു. വരും ദിവസങ്ങളില്‍ ഇനിയും നിരവധി പേർ എസ്എഫ്ഐ വിടുമെന്നും പ്രജിന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതൃത്വത്തിനെതിരെ ശക്തമായവികാരം ഉയരുന്നതിനിടെയാണ് എസ്എഫ്ഐയിലെ കൂട്ടരാജി എന്നതും ശ്രദ്ധേയമാണ്.