കായംകുളത്ത് ഡി വൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവച്ചു. യു. പ്രതിഭ എം.എൽഎയുമായുള്ള തർക്കവും ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ വീട്ടിലെ പൊലീസ് പരിശോധനയുമാണ് രാജിക്ക് കാരണം.
കൊവിഡ് കാലത്ത് മണ്ഡലത്തില്‍ സജീവമല്ലാത്ത എം.എല്‍.എക്കെതിരെ പ്രവർത്തകർ ഫേസ്ബുക്കിലൂടെ വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് എം.എല്‍.എയും പ്രവര്‍ത്തകരുമായി തര്‍ക്കം തുടങ്ങുന്നത്. മണ്ഡലത്തിലെ എം.എല്‍.എ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാത്തതിനെ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു.
ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും സഹായമെത്തിക്കുകയല്ല വേണ്ടതെന്നും ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് നേരിട്ട് പരിഹരിക്കുന്നതാണ് ജനപ്രതിനിധിയുടെ വിജയമെന്നും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാനാണ് ഫേസ്ബുക്കില്‍ ആദ്യം കുറിപ്പിട്ടത്. ഇതിന് മറുപടിയുമായി എംഎല്‍എയും രംഗത്തെത്തിയിരുന്നു. വൈറസുകളേക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ടെന്ന് എംഎല്‍എ തിരിച്ചടിച്ചു.
ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിലെ പൊലീസ് പരിശോധനയും രാജിക്ക് കാരണമാണ്. തോക്കുമായാണ് സിഐ പരിശോധനയ്ക്ക് എത്തിയതെന്നും സിഐയെ പിന്തുണയ്ക്കുന്നത് എംഎല്‍എയാണെന്നുമാണ് രാജിവച്ചവരുടെ പ്രതികരണം. എംഎല്‍എയുടെ സെക്രട്ടറി സ്ഥലം സിഐയെക്കൊണ്ട് ഡിവൈഎഫ്ഐ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.