കോട്ടയം: പാമ്പാടി റബ്കോയിൽ ഇടത് തൊഴിലാളി യൂണിയനിൽ കൂട്ടരാജി. ശമ്പള കുടിശികയെ തുടർന്ന് നടന്ന സമരത്തിന് പിന്നാലെയാണ് സിഐടിയു തൊഴിലാളി യൂണിയനിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ രാജിവെച്ചത്. 103 തൊഴിലാളികളാണ് ഇന്നലെ യൂണിയനിൽ നിന്ന് കൂട്ട രാജി സമർപ്പിച്ചത്.
ദിവസങ്ങൾ നീണ്ട സമരത്തിനൊടുവിൽ മാനേജ്മെന്‍റ് യൂണിയനും ശമ്പളക്കുടിശകയ്ക്ക് പരിഹാരം കാണാത്തതിനെ തുടർന്നാണ് തൊഴിലാളികൾ കൂട്ടമായി സിഐടിയു യൂണിയനിൽ നിന്ന് രാജിവെച്ചത്. കഴിഞ്ഞ നവംബർ മാസം മുതൽ മുടങ്ങിയ ശമ്പളം നൽകാൻ മാനേജ്മെന്‍റ് തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൊഴിലാളികളുടെ സമരം. സമരം കടുത്തതോടെ കഴിഞ്ഞമാസം ജനുവരിയിൽ 4 തൊഴിലാളികളെ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തു. ഭിന്നശേഷിക്കാരൻ ഉൾപ്പെടെയുള്ള തൊഴിലാളികളെയാണ് മാനേജ്മെന്‍റ് സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തത്. ഈ വിഷയത്തെ തുടർന്ന് ഇന്നലെ കമ്പനിയിൽ ചേർന്ന ജനറൽബോഡിക്ക് പിന്നാലെയാണ് സിഐടിയു യൂണിയനിൽ നിന്ന് നൂറിലധികം തൊഴിലാളികൾ കൂട്ടത്തോടെ രാജിവെച്ചത്. 103 തൊഴിലാളികളാണ് സിഐടിയിൽ നിന്ന് രാജിവെച്ചത്.
ഇന്നലെ നടന്ന ജനറൽ ബോഡി ശമ്പള കുടിശിക പരിഹരിക്കാൻ മാനേജ്മെന്‍റ് തയാറാകാത്തതിന് പിന്നാലെയാണ് കൂട്ടരാജി. മാനേജ്മെന്‍റിനെ സഹായിക്കുന്ന നിലപാടാണ് സിഐടിയുവിന്‍റേതെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് തൊഴിലാളികളുടെ കൂട്ടരാജി. ഇത് ആദ്യമായിട്ടാണ് ഒരു തൊഴിലാളി സംഘടനയിൽ നിന്ന് ഇത്രയധികം തൊഴിലാളികൾ ഒരേസമയം രാജിവെച്ചു പുറത്തു പോകുന്നത്. രാജിവെച്ച തൊഴിലാളികളുടെ തുടർ നീക്കങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
സഹകരണ മന്ത്രി വി.എൻ. വാസവന്‍റെ ജന്മനാട്ടിൽ ഒരു സഹകരണ സ്ഥാപനത്തിന് എതിരെ ഇടതു തൊഴിലാളി സംഘടന തന്നെ സമരം ചെയ്തത് ജില്ലാ നേതൃത്വത്തിന് ഏറെ തലവേദന ആയിരുന്നു. ഇതിനിടയിലാണ് തൊഴിലാളികളെ സസ്പെൻഡ് ചെയ്തതും തുടർന്ന് ജനറൽബോഡി കൂടിയതും. തൊഴിലാളികളെ സംരക്ഷിക്കേണ്ടവർ തന്നെ ദ്രോഹിക്കുന്ന നിലപാടാണ് സിഐടിയുവിന്‍റേതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് തൊഴിലാളികളുടെ കൂട്ടരാജി. റബ്കോയിൽ അംഗീകരിച്ച ഏക തൊഴിലാളി സംഘടനയാണ് സിഐടിയു.