മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി ; കൊവിഡിനിടെ സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കൂട്ടസ്ഥലമാറ്റം

Jaihind Webdesk
Monday, July 12, 2021

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കൂട്ടസ്ഥലമാറ്റം. കൊവിഡ്, ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ക്ക് പൊതുസ്ഥലംമാറ്റം ഉണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി. സ്ഥലംമാറ്റം എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി.

പൊലീസുകാർക്ക് ഇക്കുറി പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് സാധാരണ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന സ്ഥലം മാറ്റം ഇക്കുറി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ അധ്യയന വർഷം ആരംഭിച്ച ശേഷമുള്ള സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച പൊലീസുകാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

പല സ്റ്റേഷനുകളിലും പൊലീസുകാര്‍ കൊവിഡ് ബാധിതരാണെന്നതും പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നു. ജൂലൈ എട്ടിനാണ് അടിയന്തരമായി സ്ഥലംമാറ്റം നടപ്പാക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കിയത്.