കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; കളക്ടർ ഇന്ന് റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും

Jaihind Webdesk
Tuesday, February 14, 2023

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീലെ ജീവനക്കാർ കൂട്ടമായി അവധി എടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഭവത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടർ, റവന്യൂ മന്ത്രിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തെപ്പറ്റി ആദ്യം അന്വേഷണം നടത്തിയ എഡിഎം, എംഎൽഎ കെ.യു ജനീഷ്കുമാർ തഹസിൽദാരുടെ കസേരയിൽ ഇരുന്നതിനെയും ഹാജർ ബുക്ക് പരിശോധിച്ചത് ഉൾപ്പടെയുള്ള നടപടികളെയുമാണ് വിമർശിച്ചത്. ഇതോടെ എഡിഎമ്മിനെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കി കളക്ടർ നേരിട്ട് അന്വേഷിക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകുകയുമായിരുന്നു. കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഇന്ന് അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് സമർപ്പിക്കും.

സിപിഐയുടെ ഉദ്യോഗസ്ഥ സംഘടനയായ ജോയിന്‍റ് കൗൺസിലും സിപിഐ പ്രദേശിക-ജില്ലാ ഘടകങ്ങളും ഉദ്യോഗസ്ഥർക്ക് ശക്തമായ പിന്തുണ നൽകുമ്പോൾ കെ.യു ജനീഷ്കുമാർ എംഎൽഎ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം അഭിമാന പ്രശ്നമായെടുത്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ശക്തമായ നടപടി എടുക്കും എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞിട്ടുണ്ട്. എന്നാൽ കളക്ടറുടെ റിപ്പോർട്ട് ലഭിക്കുമ്പോൾ അത് തൃപ്തികരമല്ലെങ്കിൽ റവന്യൂ വകുപ്പിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമാണ് സിപിഎം നേതൃത്വം റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുന്നത്.