ഐടി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന കൂട്ട പിരിച്ചുവിടലുകളില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുവാന്‍ #togetherfortechlives എന്ന ദേശീയ ക്യാമ്പയിന്‍ ആരംഭിച്ചതായി ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ഐടി വിഭാഗം മേധാവി വിനോദ് സുബ്രഹ്മണ്യന്‍ അറിയിച്ചു.
ക്യാമ്പയിന്റെ ഭാഗമായി കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ‘ലിസനിങ് സര്‍ക്കിളുകള്‍’ സംഘടിപ്പിച്ചു പിരിച്ചുവിടലില്‍ ഉള്‍പ്പെട്ട ജീവനക്കാരുമായും അവരുടെ കുടുംബാംഗങ്ങളുമായി സംവദിച്ച് അവര്‍ക്കു വേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്തുന്നതിനു നേതൃത്വം നല്‍കുമെന്ന് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലന്‍, ഐ ടി വെര്‍ട്ടിക്കല്‍ കേരള സ്റ്റേറ്റ് ഹെഡ് ഫസലു റഹ്മാന്‍ എന്നിവര്‍ പറഞ്ഞു.
നിര്‍മ്മിത ബുദ്ധി നടപ്പിലാക്കുന്നതിനൊപ്പം നിലവിലുള്ള ജീവനക്കാര്‍ക്ക് വേണ്ട തൊഴില്‍ സുരക്ഷയും അവര്‍ക്ക് കൂടുതല്‍ വ്യക്തിത്വ – നൈപുണ്യ വികസനത്തിനുതകുന്ന പദ്ധതികള്‍ രൂപപ്പെടുത്തകയുമാണ് കമ്പനികള്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുക, മാന്യമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുക, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ട സൈക്കോളജി കണ്‍സല്‍ട്ടേഷനുകള്‍ക്ക് അവസരമൊരുക്കുക, തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടും നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കിയും പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ ക്യാമ്പയിനിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. പ്രമുഖ ബഹുരാഷ്ട്ര ഐ ടി കമ്പനിയായ ടി സി എസ് പന്ത്രണ്ടായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുവാന്‍ തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.