വടകര കസ്റ്റഡി മരണത്തില്‍ കൂട്ട നടപടി; 66 പോലീസുകാർക്ക് സ്ഥലംമാറ്റം

Jaihind Webdesk
Tuesday, July 26, 2022

കോഴിക്കോട്: വടകരയില്‍ കസ്റ്റഡിയിലെടുത്തയാള്‍ മരണത്തില്‍ കൂട്ടനടപടി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പടെ 66 പോലീസുകാരെ സ്ഥലംമാറ്റി. വടകര സ്വദേശി സജീവന്‍ (42) മരിച്ച സംഭവത്തിലാണ് നടപടി. സംഭവത്തില്‍ എസ്‌ഐ അടക്കം മൂന്ന് പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുഴഞ്ഞുവീണ സജീവനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച പറ്റിയെന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മരിച്ച സജീവനോട് മാനുഷിക പരിഗണന പോലീസുകാര്‍ കാണിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം തുടര്‍നടപടികളുണ്ടായേക്കും.

വാഹനാപകടക്കേസില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വടകര തെരുവത്ത് വെച്ച് ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട്  നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ ബഹളമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്‍റെ പേരില്‍ ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്നും സജീവന്‍ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി 11.30 ഓടെയാണ് സംഭവമുണ്ടയാത്.

സ്റ്റേഷനില്‍വെച്ച് തന്നെ സജീവന്‍ നെഞ്ച് വേദനയുള്ളതായി പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചെന്നും എസ്.ഐ ഇയാളെ അടിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. സ്റ്റേഷനില്‍ നിന്ന്  പുറത്തിറങ്ങിയപ്പോള്‍ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.സംഭവത്തില്‍ പോലീസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ഹരിദാസിന്‍റെ നേതൃത്തില്‍ നടന്ന അന്വേഷണത്തിന് പിന്നാലെയാണ് നടപടി.