തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾക്ക് കുരുക്ക് മുറുകുന്നു. എക്സാലോജിക്കിനെതിരെ നടക്കുന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറി. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ്ഐഒ. ഇതോടെ മുഖ്യമന്ത്രിയും മകളും സിപിഎമ്മും സർക്കാരും കൂടുതൽ പ്രതിരോധത്തിൽ ആവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരായ സാമ്പത്തിക കേസ്
അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറി. രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തിവന്ന അന്വേഷണമാണ് കൈമാറിയത്. കേന്ദ്ര കോർപറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്ഐയ്ക്ക് കൈമാറിയത്.
വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎല്ലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്‍റെ ഇന്‍റരിം സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തിയിരുന്നു.
ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് എസ്എഫ്ഐഒ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്. എട്ടുമാസത്തിനകം
അന്വേഷണം പൂർത്തിയാക്കും. റെയ്ഡിനും കസ്റ്റഡിക്കും അറസ്റ്റിനുമുള്ള അധികാരമാണ് ഇവർക്കുള്ളത്. ആവശ്യമെങ്കിൽ
രാജ്യത്തെ മറ്റ് പ്രധാന അന്വേഷണ ഏജൻസികളുടെ സഹായവും തേടാം. ഇതോടെ മുഖ്യമന്ത്രിയും മകളും സിപിഎമ്മും സർക്കാരും കൂടുതൽ പ്രതിരോധത്തിൽ ആവുകയാണ്. മുഖ്യമന്ത്രിയുടെ മകൾ ഗുരുതര സാമ്പത്തിക തട്ടിപ്പിന്‍റെ അന്വേഷണപരിധിയിലായത് കേരള രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന വിവാദങ്ങളിലേക്ക് നീങ്ങുകയാണ്.