മാസപ്പടി: മാത്യു കുഴല്‍നാടന്‍റെ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Jaihind Webdesk
Wednesday, March 27, 2024

 

തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി
തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിലെ കോടതി നിലപാട് മുഖ്യമന്ത്രിക്കും മകൾക്കും നിർണായകമാണ്.

ധാതുമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്.

എന്നാൽ ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ തീരുമാനം വിജിലൻസിന്‍റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നും ഹർജി തള്ളണമെന്നു മാണ് വിജിലൻസിന്‍റെ ആവശ്യം. ഇതിനായി വിവിധ വാദ ഗതികൾ വിജിലൻസ് കഴിഞ്ഞപ്രാവശ്യം കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഉയർത്തിയിരുന്നു. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കുന്നത് സർക്കാർ അഭിഭാഷകൻ എതിർത്തിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളിക്കൊണ്ടാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.