മാസപ്പടി കേസ്: തുടര്‍നടപടിക്ക് ഒരുങ്ങി വിചാരണ കോടതി

Jaihind News Bureau
Saturday, April 12, 2025

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടി തുടങ്ങാന്‍ കൊച്ചിയിലെ വിചാരണ കോടതി. സമന്‍സ് അയക്കുന്ന നടപടികള്‍ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂര്‍ത്തിയാക്കും.

ജില്ലാ കോടതിയില്‍ നിന്ന് ഈ കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ നടപടികള്‍ കോടതിയില്‍ തുടങ്ങും. അടുത്ത ആഴ്ചയോടെ വീണ ടി, ശശിധരന്‍ കര്‍ത്താ തുടങ്ങി 13 പേര്‍ക്കെതിരെ കോടതി സമന്‍സ് അയക്കും. 114 രേഖകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി വിപിഎം സുരേഷ് ബാബു കുറ്റപത്രത്തില്‍ കേസെടുത്തിരിക്കുന്നത്.. എല്ലാ പ്രതികള്‍ക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങള്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിലുണ്ടെന്നും എസ്എഫ്‌ഐഒ കുറ്റപത്രം പൊലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും വിചാരണ കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
. നടപടി ക്രമങ്ങള്‍ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വിചാരണ കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.അതേസമയം മാസപ്പടി കേസിനെ ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമായി തുടരുന്നു.. വീണക്കെതിരായ കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട് സിപിഐ തള്ളിയിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേസ് എല്‍ഡിഎഫിന്റെ കേസല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.