ന്യൂഡല്‍ഹി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് കമ്പനികള്‍ തമ്മിലുള്ള മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എം.എല്‍.എ. മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
വിജിലന്‍സ് അന്വേഷണം നിരസിച്ച കേരളാ ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് മാത്യു കുഴല്‍നാടന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹൈക്കോടതിയും അന്വേഷണം നിരസിച്ചതോടെ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം ഈ ഗുരുതരമായ സാമ്പത്തിക ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് മാത്യു കുഴല്‍നാടന്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.