മാസപ്പടി കേസ്: അനുബന്ധ രേഖകള്‍ ഇഡിയ്ക്ക് ഉടന്‍ ലഭിക്കില്ല; പകര്‍പ്പെടുക്കാന്‍ സൗകര്യമില്ലെന്ന് വിചാരണ കോടതി

Jaihind News Bureau
Thursday, May 1, 2025

മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസിലെ അനുബന്ധ രേഖകള്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് ലഭിക്കില്ല. എസ്എഫ്‌ഐഒ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകളാണ്. ഇത് കാരണം കോടതിയില്‍ പകര്‍പ്പെടുക്കാന്‍ സൗകര്യമില്ലെന്ന് വിചാരണ കോടതി അറിയിച്ചു.

സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടിലെ അനുബന്ധ രേഖകള്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് ലഭിക്കില്ലെന്നാണ് വിചാരണകോടതി ഉത്തരവിട്ടത്. കാല്‍ലക്ഷത്തിലേറെയുള്ള അനുബന്ധ രേഖകളും പേജുകളുടെ ബാഹുല്യവും കാരണം കോടതിയില്‍ പകര്‍പ്പെടുക്കാന്‍ സൗകര്യമില്ലെന്നാണ് വിചാരണ കോടതി അറിയിച്ചത്. 25,000 പേജുകളടങ്ങിയ അനുബന്ധ രേഖകളാണ് കുറ്റപത്രത്തിനൊപ്പം എസ്എഫ്‌ഐഒ സമര്‍പ്പിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ മകളുടെ മൊഴിപകര്‍പ്പും രേഖകളും ഉടന്‍ നല്‍കില്ല. പക്ഷേ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പകരം സംവിധാനം ഒരുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിചാരണ കോടതി വിസമ്മതിച്ചു. ഇതുകൊണ്ട് തന്നെ വിചാരണകോടതിയുടെ ഉത്തരവില്‍ ഹൈക്കോടതിയെ നേരിട്ട് സമീപിക്കാനാണ് ഇഡി നീക്കം. എന്തായാലും മാസപ്പടി കേസില്‍ കോടതി ഉത്തരവില്‍ ഇ.ഡി ഇനിയും കാത്തിരിക്കേണ്ടി വരും.