മാസപ്പടി കേസ്; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

Jaihind Webdesk
Wednesday, April 10, 2024

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്.  കേസില്‍ ഉല്‍പ്പെട്ട സിഎംആര്‍എല്‍ ഉദ്യോഗസ്ഥക്ക് ഇഡി നോട്ടീസ് നൽകി.  നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

പിണറായി വിജയന്‍റെ മകൾ വീണ വിജയനും എക്സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു കണ്ടെത്തൽ. വീണ വീജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്.  ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡി പറയുന്നത്. കേസിലെ അന്വേഷണത്തിനായി വീണയടക്കമുളള എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെടുമെന്നും സഹകരിച്ചില്ലെങ്കിൽ റെയ്‍ഡ് ചെയ്ത് പിടിച്ചെടുക്കുമെന്നും അറിയിച്ചു.