മാസപ്പടി കേസിലെ  യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി; സിഎംആര്‍എല്ലിന് വേണ്ടി വ്യവസായ നയം മാറ്റിയെന്ന് മാത്യു കുഴല്‍നാടന്‍

Jaihind Webdesk
Tuesday, February 13, 2024

തിരുവനന്തപുരം: മാസപ്പടി കേസിലെ  യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയ്ക്കുലഭിച്ച പണം മുഖ്യമന്ത്രി സിഎംആർഎല്ലിന് നൽകിയ സഹായങ്ങൾക്കുള്ള പ്രതിഫലമാണെന്ന്
തെളിവുകൾ നിരത്തി അദ്ദേഹം വാദിച്ചു. ഖനന ലീസ് നിലനിർത്തുന്നതിന് സിഎംആർഎല്‍ നൽകിയ അപേക്ഷ അടങ്ങിയ ഫയൽ വ്യവസായ വകുപ്പിൽ നിന്നും മുഖ്യമന്ത്രി വിളിച്ചു വരുത്തി പ്രത്യേക യോഗം ചേർന്ന് അനുകൂല നിലപാട് എടുക്കുവാൻ നിർദ്ദേശിച്ചതായി മാത്യു കുഴൽനാടൻ ആരോപിച്ചു.

വീണ വിജയനും എക്സാലോജിക്കിനും ലഭിച്ച മാസപ്പടി മുഖ്യമന്ത്രി സിഎംആർഎല്ലിന് നൽകിയ സഹായങ്ങൾക്കുള്ള പ്രതിഫലമാണെന്ന് തെളിയിക്കുന്ന രേഖകളും വാദങ്ങളുമായാണ് മാത്യു കുഴൽനാടൻ മാധ്യമങ്ങളെ കണ്ടത്. മാസപ്പടി കേസിലെ
യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കുഴൽനാടൻ തെളിവുകൾ നിരത്തി ആരോപിച്ചു.

2004 ൽ കരിമണൽഖനത്തിന് സിഎംഅർഎല്‍ ലീസ് നേടിയിരുന്നെങ്കിലും 10 ദിവസത്തിനകം ഈ ലീസ് റദ്ദ് ചെയ്തിരുന്നു. എന്നാൽ ഈ ലീസ് വീണ്ടും നേടിയെടുക്കുന്നതിന് സിഎംആർഎൽ വർഷങ്ങളായി കേസുകളും നിവേദനങ്ങളുമായി
ശ്രമം തുടർന്ന് വരികയായിരുന്നു. ഈ ലക്ഷ്യം വച്ച് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തി. ആറുമാസം കഴിഞ്ഞതോടെ പ്രതിമാസം അഞ്ചുലക്ഷം രൂപ വീതം വീണയ്ക്കും തുടർന്ന് മൂന്നുലക്ഷം രൂപ വീതം എക്സാലോജിക്കിന്‍റെ അക്കൗണ്ടിലേക്കും സിഎംആര്‍എൽ പതിവു തെറ്റാതെ നൽകി തുടങ്ങി. ഇതോടെ 2018 ലെ സർക്കാരിന്‍റെ വ്യവസായ നയത്തിൽ
സിഎംആർഎല്ലിന് ഖനനം അനുവദിച്ച് നൽകുന്നതിനുള്ള കളം സർക്കാർ ഒരുക്കി. എന്നാൽ 2019 ലെ കേന്ദ്രസർക്കാരിന്‍റെ ഖനനയം സിഎംആർഎൽ ന് തിരിച്ചടിയായി. ഇതോടെ സിഎംആർഎൽ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. ഖനന ലീസ് നിലനിർത്തുന്നതിന് സിഎംആർഎല്‍ നൽകിയ അപേക്ഷ അടങ്ങിയ ഫയൽ വ്യവസായ വകുപ്പിൽ നിന്നും മുഖ്യമന്ത്രി വിളിച്ചുവരുത്തി പ്രത്യേക യോഗം ചേർന്ന് ഏതെങ്കിലും തരത്തിൽ അനുകൂല നിലപാട് എടുക്കുവാൻ നിർദ്ദേശിച്ചതായി കുഴൽനാടൻ ആരോപിച്ചു.

സിഎംആർഎല്ലിന്‍റെ ലീസ് റദ്ദാക്കി ആ ഭൂമി തിരിച്ചെടുക്കുന്നതിന് സർക്കാരിന് അധികാരമുണ്ടെങ്കിലും ആ നീക്കവും സർക്കാർ നടത്തിയില്ല. ഇത്തരത്തിൽ സിഎംആർഎല്ലിന് അനുകൂലമായി മുഖ്യമന്ത്രിയെടുത്ത നിലപാടുകൾക്കുള്ള പ്രതിഫലമാണ് മാസപ്പടിയെന്ന വാദമാണ് മാത്യു നടൻ തെളിവുകൾ നിരത്തി വാദിക്കുന്നത്. കുഴൽ നാടന്‍റെ ആരോപണങ്ങൾ വരും ദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് കളമൊരുക്കും.