മസാല ബോണ്ട്: ‘ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനുള്ള വെറും നാടകം’- കെ.മുരളീധരന്‍

Jaihind News Bureau
Monday, December 1, 2025

മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ട്. ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണിതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയ്ക്ക് സിപിഎമ്മിനെ ആവശ്യമുണ്ട്. അതിന്റെ ഭാഗമാണിതൊക്കെ. ആര് പൊക്കിയാലും ബിജെപി പൊങ്ങില്ല. ഇടയ്ക്കിട പേടിപ്പിക്കും. പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി. നോട്ടിസ് അയച്ചതോടെ കനത്ത തിരിച്ചടിയാണ് സിപിഎമ്മും സര്‍ക്കാരും നേരിടുന്നത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ശനിയാഴ്ച മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ക്കും ഇ.ഡി. നോട്ടിസ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത്, മുഖ്യമന്ത്രിക്ക് നേരിട്ട് ഇ.ഡി.യുടെ നോട്ടിസ് ലഭിച്ചത് സംസ്ഥാന സര്‍ക്കാരിനും ഭരണകക്ഷിയായ സി.പി.എമ്മിനും വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്.