ഭാരത സാംസ്ക്കാരത്തിൻ്റെ നിർമ്മിതിയിൽ സജീവ സാന്നിദ്ധ്യമാകാൻ ഭാഗ്യം ലഭിച്ച സമൂഹമാണ് മാർ തോമാ നസ്രാണികളുടേത്. ഭാരതത്തിൻ്റെ പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിൽ കനപ്പെട്ട സംഭാവന ചെയ്ത ഈ സമൂഹത്തിന് ഈ രാജ്യത്ത് രണ്ട് സഹസ്രാബ്‌ധം നീണ്ട പാരമ്പര്യമാണുള്ളത്. എന്നാൽ ജനസംഖ്യാ ശോഷണം മൂലം വംശ നാശത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് നസ്രാണികൾ. ക്രിസ്ത‌്യാനികൾ എന്ന വിഭാഗത്തിൽ നസ്രാണികളെ ഉൾപ്പെടുത്തി രണ്ടാമത്തെ വലിയ ന്യൂനപക്ഷമായി പരിഗണിക്കുമ്പോൾ നസ്രാണികളുടെ സ്വത്വം നിഷേധിക്കപ്പെടുന്നു. ക്രിസ്ത്യാനി എന്ന വർഗ്ഗീകരണത്തിലൂടെ നസ്രാണികൾ അഭിമുഖീകരിക്കുന്ന വംശനാശ ഭീഷണി മറയ്ക്കപ്പെടുന്നു എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം.
രാജ്യ നന്മയ്ക്ക് വേണ്ടി ജനസംഖ്യാ നിയന്ത്രണം ആത്മാർത്ഥമായി ഏറ്റെടുത്തതാണ് നസ്രാണി സമൂഹത്തിന് ഈ ദുർഗ്ഗതി ഉണ്ടാവാൻ കാരണം. സ്ഥിതി വിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് നസ്രാണികളുടെ സാന്നിദ്ധ്യം രണ്ടായിരത്തി അമ്പതോടുകൂടി ഏകദേശം ഭാരത ജനസംഖ്യയുടെ 0.15% ലേക്ക് കൂപ്പ് കുത്തും എന്നാണ്. നസ്രാണികളിൽ ഭൂരിഭാഗവും അധിവസിക്കുന്ന കേരള സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ ഇത് മൂലം ശുഭകരമല്ലാത്ത അസന്തുലിതാവസ്ഥയുണ്ടാവും എന്ന ആശങ്ക അസ്ഥാനത്തല്ല. അപര്യാപ്‌തമായ ജനനനിരക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്ന വിദേശ കുടിയേറ്റവുമാണ് ഇതിന് കാരണം.
തലയെണ്ണി ആനുകൂല്യങ്ങൾ വീതിക്കപ്പെടുന്ന ന്യൂനപക്ഷ കമ്മീഷനുകളുടെ പദ്ധതികൾ, അസ്തിത്വം തന്നെ അപകടത്തിലായിരിക്കുന്ന നസ്രാണി സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ജനസംഖ്യാ നിയന്ത്രണത്തിൽ ദേശീയ നയത്തോടൊപ്പം
നിന്നത് കൊണ്ട്, ജനപ്രാതിനിധ്യ നിയമത്തിൻ കീഴിൽ നേരിടുന്ന അതേ അനീതിയാണ് രാജ്യത്തെ 0.25 ശതമാനത്തിലേക്ക് ചുരുങ്ങിക്കഴിഞ്ഞ നസ്രാണികൾ അനുഭവിക്കുന്നത്. നസ്രാണികളെപ്പോലെ അന്യം നിന്ന് പോകുക എന്ന വിപത്ത് നേരിടുന്ന മറ്റ് ജാതികളും ഉണ്ട്.
ഭാരത ജനസംഖ്യയുടെ 1% ൽ താഴേയ്ക്ക് ചുരുങ്ങിപ്പോയ അത്തരം ജാതി സമൂഹങ്ങളെ സൂക്ഷ്മ്‌മ ന്യൂനപക്ഷങ്ങളായി പരിഗണിച്ച് അവരുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സ്ഥാപിക്കാൻ ഞങ്ങൾ സൂക്ഷ്‌മ ന്യൂനപക്ഷ കമ്മീഷൻ നേതൃത്വത്തോട് രാഷ്ട്രീയ വിനീതമായി അപേക്ഷിക്കുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ എന്ന സങ്കൽപത്തിന് പകരം ജനസംഖ്യാ ശോഷണത്തിന് ആനുപാതികമായി ആനുകൂല്യങ്ങൾ വിഭാവനം ചെയ്യുന്ന രീതിയിൽ വേണം സൂക്ഷ്‌മ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിക്കേണ്ടത്.
പത്ര സമ്മേളനത്തിൽ മാർ തോമാ നസ്രാണി സംഘം ഭാരവാഹികളായ സേവ്യർ മാടവന, ആന്റണി പുതുശ്ശേരി, ജോമോൻ ആരക്കുഴ, ബ്രിജിത് ജോ, റോബിൾ മാത്യു എന്നിവർ പങ്കെടുത്തു