ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കാന്‍ തെരുവിലിറങ്ങിയ മറിയകുട്ടിയെപ്പറ്റി തെറ്റായ വാര്‍ത്ത നല്‍കിയ ദേശാഭിമാനി ജീവനക്കാര്‍ക്കെതിരെ നടപടി വരും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, തെരുവില്‍ പിച്ച ചട്ടിയെടുത്ത സമരത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ക്ഷേമ പെന്‍ഷന്‍ മറിയക്കുട്ടിയെ തേടിയെത്തിയിരുന്നു. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. നാല് മാസത്തെ പെന്‍ഷന്‍ വേഗത്തില്‍ നല്‍കിയില്ലെങ്കില്‍ വീണ്ടും തെരുവില്‍ ഇറങ്ങുമെന്ന് മറിയക്കുട്ടി പറയുന്നു. പൗരപ്രമുഖര്‍ എന്ന വാക്ക് ഇടത് നേതാക്കള്‍ അടക്കം ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ചും ബാലന്‍ രംഗത്തെത്തി. നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണുന്നത് പൗര പ്രമുഖരെയല്ലെന്നും ‘പ്രത്യേക ക്ഷണിതാക്കളെ’യാണെന്നും എകെ ബാലന്‍ വിശദീകരിച്ചു. പൗര പ്രമുഖരെന്ന വാക്ക് ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച ബാലന്‍, അപേക്ഷ നല്‍കി ആര്‍ക്കും ക്ഷണിതാവാകാമെന്നും വ്യക്തമാക്കി. കൃഷിക്കാരന്റെ പ്രശ്‌നം ഒരു കര്‍ഷകന്‍ വന്ന് പറയുന്നതിനെക്കാള്‍ ആ സംഘടനയെ പ്രതിനിധീകരിച്ച് ഒരാള്‍ വന്ന് പറയുമ്പോള്‍ നിരവധിപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും. എല്ലാ മേഖലയിലും അങ്ങനെ തന്നെ. മുഖ്യമന്ത്രി അവര്‍ക്ക് മറുപടി നല്‍കും. പ്രത്യേക ക്ഷണിതാവാകാന്‍ കളക്ടര്‍ക്കോ എംഎല്‍എക്കോ ഞങ്ങളെ കൂടി വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു കത്ത് നല്‍കിയാല്‍ മതിയെന്നും ബാലന്‍ വിശദീകരിച്ചു.