വിധവ പെന്ഷന് കിട്ടാത്തത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. ഇവരെപ്പോലുളള സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. അതേസമയം, മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ടീയ പ്രേരിതമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. പെന്ഷന് നല്കാന് ആവശ്യത്തിന് പണമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിധവ പെന്‍ഷനായി നല്കുന്ന 1600 രൂപയില്‍ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍, പെന്ഷന് ഇല്ലാതെ ഹര്‍ജിക്കാരിക്ക് അതിജീവിക്കാനാവുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്കാന് കഴിയുമോയെന്ന് കോടതി ചോദിച്ചു. ഹര്‍ജി ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.