മാര്‍ക്കോ: സെന്‍സര്‍ ബോര്‍ഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് ഓര്‍ത്തഡോക്‌സ് സഭ

Jaihind News Bureau
Thursday, March 6, 2025


കോട്ടയം: മാര്‍ക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ. തീയറ്റര്‍ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലുമെത്തി. മൊബൈല്‍ സ്‌ക്രീനിലൂടെ ബഹു ഭൂരിപക്ഷവും സിനിമ കണ്ടു കഴിഞ്ഞു. സിനിമയുടെ റിലീസിന് മുന്‍പ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ വയലന്‍സ് രംഗങ്ങള്‍ ചിലതെങ്കിലും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. തക്ക സമയത്ത് ഇടപെടല്‍ നടത്താതെ ഇപ്പോള്‍ നിലപാടെടുക്കുന്നതില്‍ എന്ത് പ്രസക്തിയെന്നും പരിശുദ്ധ കാതോലിക്കാബാവാ ചോദിച്ചു. വിപണിയില്‍ വിഷം വില്‍ക്കാന്‍ അനുമതി നല്‍കിയ ശേഷം വില്‍പ്പനക്കാരനെതിരെ കേസെടുക്കുന്നതു പോലെ മാത്രമേ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ കാണാനാകൂ എന്നും കാതോലിക്കാ ബാവാ ഓര്‍ത്തഡോക്‌സ് സഭ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.