മരട് ഫ്ലാറ്റ് വിഷയം; സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്ന് ബഹുജന മാര്‍ച്ച്

സുപ്രീം കോടതി പൊളിച്ച് മാറ്റാൻ നിർദേശിച്ച മരടിലെ ഫ്ലാറ്റുകളിലെ താമസക്കാർക്ക്  ഒഴിയാനായി നൽകിയ സമയ പരിധി ഇന്നലെ അവസാനിച്ചു. ഫ്ലാറ്റ് പൊളിച്ച് മാറ്റാനുള്ള നടപടിക്കെതിരെ ഫ്ലാറ്റുടമകൾ നടത്തുന റിലേ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്  കടന്നു. അതേ സമയം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ന് ബഹുജനമാർച്ച് സംഘടിപ്പിക്കും. കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി മാർച്ച്‌ ഉദ്ഘാടനം ചെയ്യും.

ഒഴിഞ്ഞുപോകാനുള്ള സമയ പരിധി അവസാനിച്ചെങ്കിലും സർക്കാർ നിർദേശ പ്രകാരം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് മരട് നഗരസഭ. നഗരസഭ നൽകിയ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഇന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനാണ് താമസക്കാരുടെ തീരുമാനം. ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക.

ഇന്നുമുതൽ പ്രവൃത്തി സമയത്ത് നഗരസഭയ്ക്ക് മുന്നിലും ബാക്കി സമയങ്ങളിൽ എച്ച് ടു ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് മുന്നിലും സത്യാഗ്രഹം തുടരാനാണ് സമര സമിതിയുടെ തീരുമാനം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് ബഹുജന മാർച്ച് നടത്തുന്നുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്യും.

ഫ്ലാറ്റുകളിലുള്ള 375 കുടുംബങ്ങളെ ഒഴിപ്പിക്കുകയാണെങ്കിൽ ഇവരെ താമസിപ്പിക്കുന്നതിനായി സമീപങ്ങളിലുള്ള ഒഴിഞ്ഞ ഫ്ലാറ്റുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ വില്ലേജ് ഓഫീസർമാർ കണയന്നൂർ തഹസിൽദാർക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ മാസം 20 നകം ഫ്ലാറ്റുകൾ പൊളിച്ച് മാറ്റണമെന്നാണ് സുപ്രീം കോടതി നിർദേശം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ല . വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിച്ച സാഹചര്യത്തിൽ ഫ്ലാറ്റുകൾ സംരക്ഷിക്കാൻ ഇനി സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്ന ആകാംക്ഷയിലാണ് ഫ്ലാറ്റിലെ താമസക്കാർ.

marad flat issue
Comments (0)
Add Comment