‘ബിജെപിയെ സഹായിക്കാമെന്ന് പറഞ്ഞിട്ടില്ല’; കേന്ദ്രവും സംസ്ഥാനവും കർഷകരോട് നീതി പുലർത്തുന്നില്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി

Jaihind Webdesk
Sunday, March 19, 2023

 

കണ്ണൂർ: ബിജെപിയെ സഹായിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. റബര്‍ കര്‍ഷകരെ സഹായിക്കുന്നവരുടെ കൂടെ നില്‍ക്കുമെന്നാണ് പറഞ്ഞത്. റബര്‍ കര്‍ഷകരെ കേന്ദ്രം സഹായിച്ചാലും സംസ്ഥാനം സഹായിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കും. അതില്‍ ബിജെപിയോ കോണ്‍ഗ്രസോ ഇടതുമുന്നണിയോ എന്ന വ്യത്യാസമില്ല. മലയോര കര്‍ഷക സമിതികള്‍ പിതാവ് ഇക്കാര്യം പറയണമെന്ന് ആവശ്യപ്പെട്ടിട്ടാണ് താന്‍ ഇക്കാര്യം പറഞ്ഞത്. അതില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയെ സഹായിക്കണമെന്ന നിലപാടില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനിവ്യക്തമാക്കി.

ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെടുന്നത് സഭ ഗൗരവകരമായി കാണുന്നുണ്ട്. ഇക്കാര്യം ഉത്തരവാദിത്വപ്പെട്ടവരോട് പറയേണ്ട വേദികളില്‍ പറയുന്നുണ്ട്. തന്‍റെ പ്രസംഗത്തിനു ശേഷം ബിജെപി നേതാക്കളോ മറ്റു പാര്‍ട്ടിക്കാരോ ബന്ധപ്പെട്ടിട്ടില്ല. ആര്‍ക്കും തലശേരി ബിഷപ്പ് ഹൗസിലേക്ക് വരാമെന്നും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റബര്‍ കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍ നീതി പുലര്‍ത്തിയില്ലെന്ന് വില 120 എത്തിയതോടെ തെളിഞ്ഞിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് നല്‍കി കുടിയിറക്കാന്‍ ശ്രമിക്കുകയാണ്. റബര്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുളള കുടിശിക പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ പ്രതിസന്ധിയില്‍ ഒരു ചുവടുപോലും മുമ്പോട്ടുവെക്കാന്‍ കഴിയാത്ത സാഹചര്യമാണ് റബര്‍ കര്‍ഷകരുടെതെന്നും അദ്ദേഹം തലശേരിയിൽ പറഞ്ഞു.