ഒഡീഷയിലെ കാന്ദമാല്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിൽ വനിതാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ തെരഞ്ഞെടുപ്പ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥ സംജുക്ത ഡിഗാള്‍ കൊല്ലപ്പെടുകയായിരുന്നു. ഒരു തെരഞ്ഞെടുപ്പ് വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നില്‍ റോഡിലായി സംശയകരമായ വസ്തു കണ്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. അതേസമയം വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് ഉദ്യോഗസ്ഥര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാവോയിസ്റ്റുകളുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണ് ഒഡീഷയിലെ കാന്ദമാല്‍ ജില്ല. ഇവിടെ വോട്ടിംഗ് ബഹിഷ്കരിക്കണമെന്നാണ് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
സംഭവത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ദുഃഖം രേഖപ്പെടുത്തി. അഞ്ച് ലോക്സഭാ സീറ്റുകളിലേക്കാണ് ഇന്ന് ഒഡീഷയിൽ വോട്ടെടുപ്പ് നടക്കുന്നത്.