‘ഫാസിസ്റ്റുകളായ പിണറായിയും മോദിയും ഒരേ തൂവല്‍പ്പക്ഷികള്‍’ : കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ കണ്ണൂരില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍

Jaihind News Bureau
Wednesday, February 26, 2020

കണ്ണൂർ അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റ് അനൂകൂല പോസ്റ്റർ. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന പോസ്റ്ററുകള്‍ ബുധനാഴ്ച പുലർച്ചെയോടെയാണ് അമ്പായത്തോട് ടൗണിൽ കാണപ്പെട്ടത്. ഹിന്ദു ഫാസിസ്റ്റ് മോദിയും സോഷ്യല്‍ ഫാസിസ്റ്റ് പിണറായിയും ഒരേ തൂവല്‍പ്പക്ഷികളാണെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ.

പൗരത്വ ഭേദഗതി നിയമം, യു.എ.പി.എ വിഷയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമർശനമാണ് പോസ്റ്ററില്‍ ഉന്നയിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും വിഷയത്തില്‍ നടത്തുന്ന ഒത്തുകളി ജനങ്ങള്‍ തിരിച്ചറിയണമെന്ന് പോസ്റ്ററില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പിണറായി സർക്കാരിന്‍റെ പ്രഖ്യാപനം കാപട്യമാണെന്നും ഇത് ദജനം തിരിച്ചറിയണമെന്നും പോസ്റ്ററില്‍ പറയുന്നു. യു.എ.പി.എ വിഷയത്തിൽ കേന്ദ്രവുമായുള്ള ഒത്തുകളി പോലെ തന്നെയാണ് പൗരത്വ ഭേദഗതി നിയമത്തിലും പിണറായി സർക്കാർ സ്വീകരിക്കുന്നത്. അലൻ-താഹ കേസ് എൻ.ഐ.എയിൽ നിന്നും തിരിച്ചുകിട്ടാൻ കേന്ദ്രത്തിന് കത്തയച്ച പിണറായി സർക്കാരിന്‍റെ നിലപാട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. അലനെയും താഹയെയും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ നിയന്ത്രണത്തിലേക്ക് കൈമാറിയതിന്‍റെ പൂർണ ഉത്തരവാദിത്വം പിണറായി സർക്കാരിനാണെന്നും പോസ്റ്ററില്‍ പറയുന്നു. യു.എ.പി.എ, സി.എ.എ, എൻ.ആർ.സി വിഷയങ്ങളിൽ പിണറായി സർക്കാരിന്‍റെ ആർ.എസ്.എസ് അനുകൂല നിലപാടുകൾ ജനം തിരിച്ചറിയണമെന്നും പോസ്റ്ററില്‍ പറയുന്നു.

കൂടാതെ സി.എ.എ വിരുദ്ധ സമരങ്ങളിൽ പി.എഫ്.ഐ, എസ്‍.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ രഹസ്യ അജണ്ട തിരിച്ചറിയണമെന്നും പോസ്റ്ററില്‍ പറയുന്നു. മാവോയിസ്റ്റ്-കമ്യൂണിസ്റ്റ് ശക്തികളെയും ദളിത് വിഭാഗത്തെയും മുന്‍നിർത്തി മത രാഷ്ട്ര അജണ്ട നടപ്പാക്കാനാണ് ഇവരുടെ ഗൂഢശ്രമമെന്ന് പോസ്റ്ററില്‍ പറയുന്നു. എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകൾ പൗരത്വ ബില്ലിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ മറവിൽ മതതീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയും, ഹവാല, റിയൽ എസ്റ്റേറ്റ് ഇടപാടുകളും പൊതുജനങ്ങൾ തിരിച്ചറിയുക, ഓപ്പറേഷൻ സമാധാൻ തള്ളിക്കളയുക, അട്ടപ്പാടിയിലും, വയനാട്ടിലും, നിലമ്പൂരിലും ഭരണകൂടം നടത്തിയ വ്യാജ ഏറ്റുമുട്ടലുകൾക്ക് തിരിച്ചടി നല്‍കണമെന്നും പോസ്റ്ററിലുണ്ട്. ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേ സംഘം തന്നെ ആയിരിക്കും കൊട്ടിയൂർ അമ്പായത്തോടിലും പോസ്റ്ററുകൾ പതിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.