സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം നടക്കുമ്പോഴും ബാക്കിയാകുന്ന ചോദ്യങ്ങൾ അനവധിയാണ്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഉന്നത ഉദ്യോഗസ്ഥവൃന്ദങ്ങളിലും സ്വപ്ന സുരേഷ് നടത്തിവന്ന സമ്പർക്കങ്ങളെക്കുറിച്ച് ഒരു ഇന്റലിജൻസിന്റെയും റിപ്പോർട്ട് ഇല്ലായിരുന്നോ എന്ന പ്രസക്തമായ ചോദ്യത്തിന് ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ല.
‘ഇന്റലിജൻസിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു, പക്ഷേ, മുഖ്യമന്ത്രിയുടെ മുന്നിൽ അത് എത്തിയില്ല’ എന്നാണ് പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തിൽ നൽകിയ വിശദീകരണത്തിൽ നിന്ന് മനസിലാകുന്നത്. പത്താം ക്ലാസ് മാത്രം യോഗ്യതയുള്ള സ്വപ്ന യു.എ.ഇ കോൺസുലേറ്റിലെ പദവിയും സംസ്ഥാന ഭരണത്തിലെ സ്വാധീനവും കരുവാക്കി ഒരു അധോലോക സാമ്രാജ്യം തന്നെ സ്ഥാപിക്കുകയും ചെയ്ത ഗുരുതര സാഹചര്യം സർക്കാരിനെ മുൻകൂട്ടി ബോധ്യപ്പെടുത്താൻ ഇന്റലിജൻസിന് എന്തുകൊണ്ടു കഴിഞ്ഞില്ല എന്ന ചോദ്യം ശക്തമാവുകയാണ്.
മുഖ്യമന്ത്രിയുടെ അല്ലെങ്കിൽ ആഭ്യന്തരമന്ത്രിയുടെ കണ്ണും കാതുമാണ് ഇന്റലിജൻസ് വിഭാഗം. ഇന്റലിജൻസ് മേധാവി ദിവസവും ഭരണത്തെ ബാധിക്കുന്ന കാര്യങ്ങളും, രാഷ്ട്രീയ ഭരണ പ്രാധാന്യമുള്ള സംഭവങ്ങളുടെ വിശദാംശങ്ങളും ദിവസവും അറിയിക്കുകയാണ് പതിവ്. സമീപകാലത്ത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ച ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും വരെയുള്ളവർ ഇന്റലിജൻസ് വിഭാഗത്തിന് കൊടുത്ത ഈ പ്രാധാന്യം പിണറായി നൽകിയിരുന്നില്ലെന്ന സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്.
അതോടൊപ്പം തന്നെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെട്ട ഇന്റലിജൻസ് സേനയിലെ നിയമനങ്ങളിൽ സി.പി.എം നിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷൻ ഇത്രമാത്രം കൈകടത്തിയ കാലഘട്ടം ചരിത്രത്തിലുണ്ടായിട്ടില്ല. തന്ത്രപ്രധാനമായ ഈ വിഭാഗത്തിലെ കോൺസ്റ്റബിൾ മുതൽ ഡി.വൈ.എസ്.പി വരെയുള്ളവരുടെ കാര്യത്തിൽ ചില മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്ന രീതി അതോടെ പാളി. ഇക്കഴിഞ്ഞ ഒരു വർഷം സെക്രട്ടേറിയറ്റിൽ നടന്നത് എന്താണെന്ന് പരിശോധിക്കാനായി സി.സി ടി.വി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറേണ്ട നാണക്കേട് ഇതുമൂലം കേരളം നേരിടുന്നു.
വിമാനത്താവളങ്ങളിലൂടെയുള്ള വൻ മാഫിയാനീക്കം മുൻകൂട്ടി മനസിലാക്കുന്നതിലും ഇന്റലിജൻസ് പൂർണ്ണമായും പരാജയപ്പെട്ടു. ഇവിടെയാണ് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പൂർണ നിയന്ത്രണം കയ്യാളുന്ന കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഉറക്കമായിരുന്നോ എന്ന ചോദ്യം കൂടി ഉയരുന്നത്. സ്വർണ്ണക്കടത്ത് ഒരു വർഷത്തിലേറെയായി തുടരുകയായിരുന്നുവെന്നാണ് എൻ.ഐ.എ അന്വേഷണം വ്യക്തമാക്കുന്നത്. സ്വർണ്ണക്കടത്തും അനുബന്ധ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം കേന്ദ്ര സംസ്ഥാന ഇന്റലിജൻസുകളുടെ ഈ വീഴ്ച ആശങ്ക ഉളവാക്കുന്നതാണ്.