ദുഃഖവെള്ളിദിനത്തില്‍ മലയാറ്റൂര്‍ കുരിശുമുടി കയറാന്‍ ഒട്ടേറെ വിശ്വാസികള്‍

Jaihind News Bureau
Friday, April 18, 2025


.
പീഢാനുഭവ സ്മരണ പുതുക്കി ദുഃഖവെള്ളിയില്‍ മലയാറ്റൂര്‍ കുരിശുമുടി കയറാന്‍ ഒട്ടേറെ വിശ്വാസികള്‍ എത്തുന്നു. ക്രിസ്തുദേവന്റെ സഹനയാത്രയെ അനുസ്മരിച്ച് വലിയ കുരിശും വഹിച്ചാണ് വിശ്വാസികള്‍ മല കയറുന്നത്. ഗാഗുല്‍ത്തായില്‍ യേശുദേവന്‍ സഹിച്ച പീഢകള്‍ മനസ്സിലേക്ക് മാത്രമല്ല സ്വന്തം ശരീരത്തിലേക്ക് കൂടി ആവാഹിച്ചായിരുന്നു വിശ്വാസികളുടെ മലകയറ്റം.

ഒറ്റയ്ക്കും ചെറു സംഘങ്ങളുമായി എത്തിയ തീര്‍ത്ഥാടകര്‍ ഭക്തിപൂര്‍വ്വം മല ചവിട്ടി. കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഇത്തവണ ഏറെയാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നും ദിവസങ്ങളോളം നടന്നാണ് ചിലര്‍ എത്തിയത്. യേശുവിന്റെ പീഡാനുഭവ യാത്രയിലെ 14 സംഭവങ്ങളെ ഓര്‍മിപ്പിക്കുന്ന 14 സ്ഥലങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ചു പ്രാര്‍ഥിച്ചായിരുന്നു മലകയറ്റം.

ഓശാന ഞായര്‍ മുതല്‍ മലയാറ്റൂരിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. കുരിശുമുടി പള്ളിയില്‍ രാവിലെ ആരാധന, പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുര്‍ബാന സ്വീകരണം, പീഡാനുഭവ സന്ദേശം എന്നിവയുണ്ടായിരുന്നു.

താഴത്തെ പള്ളിയില്‍ ആരാധന, പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുര്‍ബാന സ്വീകരണം എന്നിവ നടന്നു. ദുഃഖവെള്ളി ദിനത്തില്‍ അടിവാരത്തും മലയാറ്റൂരിലേക്കുള്ള വഴിയോരങ്ങളിലും സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നേര്‍ച്ചക്കഞ്ഞി, സംഭാരം, കുടിവെള്ളം എന്നിവയുടെ വിതരണം ഉണ്ടായിരുന്നു.