മന്‍സൂർ വധം : കൂടുതൽ സിപിഎം നേതാക്കൾ പ്രതികളാവും ; ഗുഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന്

Jaihind Webdesk
Wednesday, April 14, 2021

 

കണ്ണൂർ: മന്‍സൂർ വധക്കേസില്‍ പാനൂർ മേഖലയിലെ കൂടുതൽ സിപിഎം നേതാക്കൾ പ്രതികളാവും. കൊലപാതകത്തിൻ്റെ ഗുഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളിൽ നിന്നും ശ്രീരാഗിൻ്റെയും ബിജേഷിൻ്റെയും മൊഴിയിൽ നിന്നും ഷിനോസിൻ്റെയും പിടിയിലായ മറ്റുള്ളവരുടെയും ഫോണിൽ നിന്നും ആണ് ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്.

പ്രതിപ്പട്ടികയിലുള്ള 11 സിപിഎം പ്രവർത്തകരെ കുടാതെ കൂടുതൽ സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ മൻസൂർ വധകേസിൽ പ്രതികളാവും. പൊലീസ് അറസ്റ്റ് ചെയ്ത ബിജീഷിൽ നിന്നാണ് ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്. സിപിഎം പ്രവർത്തകൻ സന്ദീപ് ഉൾപ്പടെയുള്ളവർക്ക് കൊലപാതകത്തിലും ഗുഢാലോചനയിലും ഉള്ള പങ്കാണ്  മൊഴിയിൽ ഉള്ളത്. സംഭവസ്ഥലത്ത് നിന്ന് പൊലീസ് പിടിച്ച ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ മൻസൂറിന് നേരെ അക്രമം നടന്ന സ്ഥലത്ത് എത്തിയവരുടെ വാഹനങ്ങളും ഉൾപ്പെടുന്നു.

ഷിനോസിൻ്റെയും, പിടിയിലായ ശ്രീരാഗ്, അശ്വന്ത്, അനീഷ് എന്നിവരുടെ ഫോൺവിളി സംബന്ധിച്ച വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഇതിൽ നിന്ന് കൂട്ടുപ്രതികളായ മറ്റുള്ളവരുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സിപിഎം നേതാക്കളായ എൻ.അനൂപ്, വട്ടക്കണ്ടി ഇബ്രാഹിം എന്നിവരുമായും പ്രതികൾ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചതായി സൂചനയുണ്ട്. മൻസൂർ അക്രമിക്കപ്പെട്ട ശേഷം സംഭവ സ്ഥലത്ത് നിന്നും പാർട്ടി നേതാക്കളായ പ്രതികളെ കാറിൽ കയറ്റി പോയവരെ കുറിച്ചും ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.