കോഴിക്കോട് : പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ ദൂരൂഹമരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി ഷാജ് ജോസിനാണ് അന്വേഷണചുമതല. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം
റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് അന്വേഷണം.
രതീഷിന്‍റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലും മരണം അസ്വാഭാവികം ആണെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ഫൊറന്‍സിക് സംഘത്തിന്‍റെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, വിശദമായ അന്വേഷണം തുടങ്ങി. റൂറല്‍ എസ്പി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് കേസിലെ മറ്റ് പ്രതികള്‍ ഒളിവില്‍ താമസിച്ചതായും പൊലീസിന് വിവരം ലഭിച്ചു. ഇതേതുടര്‍ന്ന് കശുമാവിന്‍ തോട്ടത്തിന് സമീപം പൊലീസ് വ്യാപക പരിശോധന നടത്തി. വടകര റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു റെയ്ഡ്.