പാനൂർ കൊലപാതകം ; പൊലീസ് അന്വേഷണം പ്രഹസനം ; നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകും ; കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Friday, April 9, 2021

മലപ്പുറം: പാനൂരിലെ മന്‍സൂര്‍ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്‍റെ ആജ്ഞാനുവര്‍ത്തികളാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മന്‍സൂറിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെയെങ്കിലും നേതൃത്വത്തില്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തില്‍ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ യുഡിഎഫിന്‍റെ നേതാക്കള്‍ മന്‍സൂറിന്‍റെ വീട്ടില്‍ പോകുന്നുണ്ട്. കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെ പോകാനും പാര്‍ട്ടിയും മുന്നണിയും പിന്നില്‍ത്തന്നെ നില്‍ക്കും. കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോയി തുമ്പില്ലാതാക്കാന്‍ പറ്റിയ ആജ്ഞാനുവര്‍ത്തികളായ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിന്‍രെ തലപ്പത്ത് നിയമിക്കുകയാണ്. അന്വേഷണം കേവലം ഒരു പ്രഹസനം മാത്രമാണ്. ഈ അന്വേഷണത്തില്‍ വിശ്വാസമില്ല. കൊല്ലണമെന്ന് ഉറപ്പിച്ച് സിപിഎം വെട്ടിനുറുക്കുകയാണ്. ജീവന് യാതൊരു വിലയും നല്‍കുന്നില്ല. ഇത്തരം പ്രവൃത്തികളുടെ കാലം കഴിഞ്ഞു എന്ന് അവര്‍ വൈകാതെ മനസ്സിലാക്കും, കുഞ്ഞാലിക്കുട്ടി പറഞ്ഞു.