മന്‍സൂര്‍ വധക്കേസ് പ്രതിയുടെ ദുരൂഹ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്

Jaihind Webdesk
Sunday, June 13, 2021

 

കണ്ണൂർ പാനൂർ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്‍റെ ദുരൂഹമരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. രതീഷിന്‍റെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾ മൻസൂറിന്‍റെ കൊലപാതക സമയത്ത് ഉണ്ടായിരുന്നതാണ് എന്നും പോലീസ് പറയുന്നു.

മന്‍സൂര്‍ വധക്കകേസിലെ രണ്ടാം പ്രതിയായ രതീഷിന്‍റെ തൂങ്ങിമരണം കൊലപാതകമാണെന്നആരോപണം ശക്തമായിരുന്നു. രതീഷിന്‍റെ ശരീരത്തിൽ പരിക്കുകളും മുറിവുകളും കണ്ട സാഹചര്യത്തിലാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന സംശയം ഉയർന്നത്. എന്നാൽ മരണം സംഭവിച്ച് രണ്ടുമാസത്തിനുശേഷം വിശദീകരണവുമായി പോലീസ് രംഗത്തെത്തുകയാണ്. രതീഷിന്‍റെ ദുരൂഹ മരണം ആത്മഹത്യ തന്നെയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ മൻസൂർ കൊല്ലപ്പെടുന്ന ദിവസം സംഘർഷത്തിൽ ഉണ്ടായതാണെന്നും പൊലീസ് പറയുന്നു. സാഹചര്യത്തെളിവുകളുടെയും കൂട്ടു പ്രതികളുടെ മൊഴികളുടെയും  പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ വിശദമായ റിപ്പോർട്ടിന്‍റെയും കൂടി അടിസ്ഥാനത്തിലാണ് ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സൈബർ സെൽ സെല്ലിന്‍റെയും ഫോറൻസിക് വിദഗ്ധരുടെയും റിപ്പോർട്ടുകളും കേസിൽ നിർണായകമായി.

51 പേരിൽ നിന്ന് മൊഴിയെടുത്തതായി പൊലീസ് പറയുന്നു. മൻസൂർ വധത്തിനുശേഷം മൂന്നാം ദിവസമാണ് വളയത്തെ കശുമാവിൻ തോട്ടത്തിൽ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണം ശക്തമായതോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണത്തിന്‍റെ ചുമതല നല്‍കി വടകര റൂറൽ എസ്പി നേരിട്ട് കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു.