ആലപ്പുഴ: മാന്നാറിലെ ശ്രീകല കൊലപാതകക്കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ ഈ മാസം എട്ടാം തീയതി വരെ പോലീസ് കസ്റ്റഡിയിൽ തുടരും. ആറു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. 15 വർഷം മുമ്പ് കാണാതായ ശ്രീകലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചെന്നാണ് പോലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. പ്രതികൾ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പോലീസിന്‍റെ നിഗമനം.
കലയുടെയും അനിലിന്‍റെയും പ്രണയ വിവാഹമായിരുന്നു. അനിൽ അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു ജോലി ചെയ്തിരുന്നത്. കല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ കലയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് കലയെ കാണാതായത്. തങ്ങളുടെ താൽപര്യമില്ലാതെ വിവാഹം ചെയ്തതിനാൽ അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. വർഷങ്ങൾക്കു മുമ്പ് കല മറ്റൊരാൾക്കൊപ്പം പോയെന്നു തന്നെയാണ് നാട്ടുകാരും വിശ്വസിച്ചിരുന്നത്. പലതവണ പലയിടത്തും കലയെ കണ്ടെന്നും നാട്ടിൽ കഥകൾ പ്രചരിച്ചിരുന്നു. അനിലിനെ വിവാഹം ചെയ്ത ശേഷം മറ്റൊരാൾക്കൊപ്പം പോയെന്നത് നാണകേടുണ്ടാക്കി എന്നതാണ് അന്വേഷിക്കാതിരിക്കാനുള്ള കാരണമായി ബന്ധുക്കൾ പറയുന്നത്.
കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് 2,3,4 പ്രതികൾ. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും മറ്റു പ്രതികളുംചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. 2009 ലാണ് കൊലപാതകം നടന്നത്. കലയെ കൊലപ്പെടുത്തി അനിലിന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ അരിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂ.
കല കൊല്ലപ്പെട്ടെന്ന് പോലീസ് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്നാണ് കലയുടെ മകന്‍റെ പ്രതികരണം. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ടുവരുമെന്നും മകൻ പറഞ്ഞു. കാണാതായ ശേഷം അമ്മയെ കണ്ടില്ല. എന്നാൽ അമ്മ എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയായ മകൻ പ്രതികരിച്ചത്. വാർത്ത കേട്ടതിലുള്ള മാനസിക ബുദ്ധിമുട്ട് മൂലമുള്ള വൈകാരിക പ്രതികാരമാണ് മകന്‍റേതെന്ന നിഗമനത്തിലാണ് പോലീസ്.