മാന്നാര്‍ കൊല: കലയുടെ മൃതദേഹാവശിഷ്‌ടം എന്ന് സംശയിക്കുന്ന വസ്‌തുക്കൾ കണ്ടെത്തി; പരിശോധന തുടരുന്നു

Jaihind Webdesk
Tuesday, July 2, 2024

 

ആലപ്പുഴ: ആലപ്പുഴയിൽ കാണാതായ മാന്നാർ സ്വദേശിയായ യുവതിയുടെ മൃതദേഹാവശിഷ്‌ടം എന്ന് സംശയിക്കുന്ന വസ്‌തുക്കൾ കണ്ടെത്തി. കാണാതായ കലയുടെ ഭർത്താവ് അനിൽകുമാറിന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹാവശിഷ്‌ടം എന്ന് സംശയിക്കുന്ന വസ്‌തുക്കൾ കണ്ടെത്തിയത്. 18 വർഷം മുമ്പ് മാവേലിക്കര മാന്നാറിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ കലയെ കൊന്നുകുഴിച്ചുമൂടിയെന്ന സൂചനയെ തുടർന്ന് മൃതദേഹം കണ്ടെത്താനുള്ള പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കലയെ കുഴിച്ചിട്ടെന്ന കരുതുന്ന ഇലമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്‌ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ അവശിഷ്ടങ്ങൾ കലയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.

ഇരുസമുദായത്തിലുള്ള കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഈ വിവാഹത്തിൽ അനിലിന്‍റെ വീട്ടുകാർക്ക് കടുത്ത എതിർപ്പുണ്ടായിരിക്കുന്നതായും വിവരമുണ്ട്. ഇവരുടെ വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കലയെ ബന്ധുവീട്ടിലായിരുന്നു അനിൽ താമസിപ്പിച്ചിരുന്നത്. ഇവർക്ക് ഒരു മകനുമുണ്ട്. കലയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന അനിലിന്‍റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. വഴക്കിനെ തുടർന്ന് വിനോദയാത്ര പോകാമെന്ന വ്യാജേന കാർ വാടകക്കെടുത്ത് കലയുമായി കുട്ടനാട് ഭാഗങ്ങളിലേക്ക് യാത്രപോയ അനിൽ ബന്ധുക്കളായ ചിലരെ വിളിച്ചുവരുത്തി കാറിൽവച്ച് തന്നെ കലയെ കൊലപ്പെടുത്തിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് തുറന്ന് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ കുമാറിന്‍റെ സഹോദരീഭർത്താവ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇസ്രായേലിലുള്ള കലയുടെ ഭർത്താവായ അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപാണ് സംഭവത്തിൽ നിര്‍ണായക വഴിത്തിരിവുണ്ടായത്. ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ പ്രമോദ് പിടിയിലായി. അന്വേഷണത്തിൽ കലയുടെ തിരോധാനത്തെ കുറിച്ചും വിവരം ലഭിച്ചു. പോലീസ് അന്വേഷണം തുടരുന്നതിനിടെ അമ്പലപ്പുഴ സ്റ്റേഷനിൽ ഊമക്കത്തായി ചില വിവരങ്ങൾ ലഭിച്ചു. ഇതോടെ പ്രമോദിനെയും സുഹൃത്തുക്കളെയും പോലീസ് തുട‍ര്‍ച്ചയായി നിരീക്ഷിച്ചു. കൊലപാതകമെന്ന സംശയം ബലപ്പെട്ടപ്പോഴാണ് നാല് പേരെയും കസ്റ്റഡിയിലെടുത്തത്. മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് കലയെ കുഴിച്ചുമൂടിയത്.