കേരളത്തെ ഞെട്ടിച്ച മാന്നാർ ജയന്തി വധക്കേസ്; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

Jaihind Webdesk
Saturday, December 7, 2024

 

ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച 2004ലെ മാന്നാർ ജയന്തി വധക്കേസിൽ പ്രതിക്ക് വധശിക്ഷ. ഭർത്താവ് കുട്ടിക്കൃഷ്ണനാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

ഭാര്യ ജയന്തിയെ സംശയത്തിന്‍റെ പേരിൽ കുട്ടികൃഷ്ണൻ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഒരു ദിവസം മുഴുവൻ പിഞ്ചു കുഞ്ഞുമായി പ്രതി മൃതദേഹത്തിന് കാവലിരുന്നു. പിറ്റേ ദിവസം രാവിലെ മകളുമായി പോലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ പ്രതി സ്ഥലവും വീടും വിറ്റ് പണവുമായി മുങ്ങി. ഇതോടെ കേസിന്‍റെ വിചാരണ നീണ്ടു. സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രണ്ട് വർഷം മുൻപാണ് പോലിസ് വീണ്ടും അറസ്റ്റ് ചെയ്തത്.

ഒന്നേകാൽ വയസ് മാത്രമുള്ള കുഞ്ഞിന്‍റെ മുന്നിൽ അമ്മയെ അതിക്രൂരമായി കൊലയ്ക്കിരയാക്കിയ പ്രതി ഇളവ് അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതിയിൽ നിന്ന് ഒരുലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഇതിൽ 50000 രൂപ മകൾക്ക് നൽകണം. കോടതിയിൽ ഹാജരാക്കിയ ജയന്തിയുടെ സ്വർണാഭരണങ്ങളും മകൾക്ക് നൽകാൻ കോടതി ഉത്തരവ് ഇട്ടു.