ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ബിജെപി പയറ്റുന്നത് ; സാമ്പത്തിക നയങ്ങളെ പറ്റി മോദി സർക്കാരിന് ധാരണയില്ല : മന്‍മോഹന്‍ സിംഗ്

Jaihind Webdesk
Thursday, February 17, 2022


കര്‍ഷക സമരത്തിനിടെ പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായത് മറക്കാറായിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ദേശസ്‌നേഹത്തിനും ത്യാഗത്തിനും ധീരതയ്ക്കും ലോകം മുഴുവന്‍ ആദരവ് പുലര്‍ത്തുന്ന പഞ്ചാബികളെ കുറിച്ച് എന്തുകൊണ്ടാണ് നരേന്ദ്രമോദി പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ വേദനയുണ്ടെന്നും മന്‍മോഹന്‍ സിംഗ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് പഞ്ചാബിനെയും പഞ്ചാബിലെ ജനങ്ങളെയും അപമാനിക്കാന്‍ ശക്തമായ ശ്രമം നടന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്.
പ്രധാനമന്ത്രിയായിരുന്നപ്പോള്‍  രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി  രാജ്യത്തെ വിഭജിച്ചിക്കാനോ സത്യം മൂടിവയ്ക്കാനോ ശ്രമിച്ചിട്ടില്ല. രാജ്യത്തിന്‍റെയും പ്രധാനമന്ത്രി സ്ഥാനത്തിന്‍റെയും അന്തസ്സ് കുറയ്ക്കാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

യുപിഎ സര്‍ക്കാരാണ് ഇന്ത്യക്കാരുടെ മൂല്യം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏഴര വര്‍ഷമായി തെറ്റുകള്‍ തിരുത്തുന്നതിനു പകരം ജവഹര്‍ലാല്‍ നെഹ്റുവിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

തന്നെ നിശബ്ദനും ദുര്‍ബ്ബലനും അഴിമതിക്കാരനുമായി ചിത്രീകരിച്ച ബിജെപിയുടെ പ്രചാരണം രാജ്യത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടതില്‍ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. 2004 മുതല്‍ 2014 വരെ നാം ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ രാജ്യം ഓര്‍ക്കുന്നുണ്ട്. സാമ്പത്തിക നയങ്ങളെ കുറിച്ച് സർക്കാറിന് വലിയ ധാരണയില്ലെ. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇപ്പോഴും സർക്കാർ പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘രാജ്യത്ത് പണക്കാർ പണക്കാരും ദരിദ്രർ ദരിദ്രരുമായി തുടരുന്ന സാഹചര്യമാണുള്ളത്. കേന്ദ്രത്തിന്‍റ തെറ്റായ നയങ്ങൾ മൂലമാണിത്. വിദേശ നയങ്ങളിലും സർക്കാർ സമ്പൂർണ പരാജയമാണ്. അതിർത്തിയിലെ ചൈനീസ് അധിനിവേശത്തെ മൂടിവയ്ക്കാനാണ് സർക്കാറിന്റെ ശ്രമം. രാഷ്ട്രീയ നേതാക്കൾ ആലിംഗനം ചെയ്തതു കൊണ്ടോ സൗജന്യമായി ബിരിയാണി വാഗ്ദാനം ചെയ്തതു കൊണ്ടോ ബന്ധങ്ങൾ മെച്ചപ്പെടുത്താനാകില്ല. വാഗ്ദാനങ്ങൾ നൽകാൻ എളുപ്പമാണ്. പാലിക്കാൻ പ്രയാസവും’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചാബിലെ ജനങ്ങളെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിച്ച് വീഡിയോ സന്ദേശവുമായി അദ്ദേഹം എത്തിയത്.