മഞ്ചേശ്വരം കോഴയും സ്വർണ്ണക്കടത്തും; കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ കള്ളനും പോലീസും കളിക്കുന്നതായി ആക്ഷേപം

Jaihind Webdesk
Wednesday, June 8, 2022

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ സ്വപ്നാ സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിന് ഒരുങ്ങുകയാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. അതേസമയം കേന്ദ്ര ഏജൻസിയുടെ നീക്കങ്ങൾക്ക് തടയിടാൻ സംസ്ഥാന സർക്കാരും ബദൽ നീക്കങ്ങള്‍ തുടങ്ങി. മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിച്ചാൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം സ്വർണ്ണക്കടത്ത് കേസ് സജീവ ചർച്ചയാകുമ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ കൊച്ചിയിൽ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മൊഴി പരിശോധിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര ഏജൻസികൾ. സ്വപ്ന നേരത്തേ നൽകിയിട്ടുള്ള മൊഴികളിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോൾ നൽകിയിരിക്കുന്ന മൊഴിയെങ്കിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് ആലോചിക്കുന്നത്.

വിഷയം വീണ്ടും ചർച്ചയാകുമ്പോൾ ഒരു കൊടുക്കൽ വാങ്ങൽ ശ്രമത്തിലേക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സി.കെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്. ഈ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് മുഖ്യപ്രതി. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിച്ചാൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള പദ്ധതികളാണ് സംസ്ഥാന പോലീസ് ആലോചിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, ഭാര്യ കമല, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുൻ മന്ത്രി കെ.ടി ജലീൽ എന്നിവർ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയ ഇടപാടിൽ ഏത് തരത്തിലുള്ള പങ്കാണുള്ളതെന്ന് അക്കമിട്ട് നിരത്തിയാണ് സ്വപ്നയുടെ മൊഴി. ആദ്യഘട്ടത്തിൽ വിശദമായ മൊഴി നൽകിയിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ വേണ്ടത്ര കാര്യക്ഷമത കാണിച്ചില്ല എന്നും സ്വപ്ന ഇന്നലെ ആരോപിച്ചിരുന്നു. അന്വേഷണ ഘട്ടത്തിൽ സ്വപ്ന, സമാനമായ രഹസ്യമൊഴി കസ്റ്റംസിന് നൽകിയിരുന്നു. അന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം അന്വേഷണം നടത്തിയിരുന്നെങ്കിലും 2016 ലെ സംഭവത്തിന് തെളിവ് ലഭിച്ചില്ലെന്നും കോൺസുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണം നിർത്തുകയായിരുന്നു.

പിന്നീട് മുഖ്യമന്ത്രി അടക്കമുള്ളവരെ ഒഴിവാക്കിയാണ് കസ്റ്റംസ് കുറ്റപത്രം നൽകിയത്. അന്ന് തന്നെ സ്വപ്നയുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും മൊഴിപ്പകർപ്പ് നകുന്നതിനെ കസ്റ്റംസ് എതിർക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയെ രക്ഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് മേൽ ബിജെപി സമ്മർദമുണ്ടായിരുന്നു എന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. ഈ ഘട്ടത്തിൽ മഞ്ചേശ്വരം കോഴക്കേസിലെ കുറ്റപത്രം സമർപ്പിക്കുന്നതുകൊണ്ട് ഒരു വിലപേശലിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുങ്ങുകയാണോ എന്ന സംശയം ഉയരുകയാണ്.