മലപ്പുറം: ചികിത്സ ലഭിക്കാതെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ. ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിക്കുന്നതാണോ കേരള മോഡലെന്നും അദ്ദേഹം ചോദിച്ചു. കൊവിഡ് കാലത്ത് മറ്റ് ചികിത്സകള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ രാത്രിയോടെ വിവിധ യുവജന സംഘടനകൾ ആരംഭിച്ച പ്രതിഷേധം ഇന്നും തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് 11 മണിക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. മലപ്പുറം കീഴ്ശേരിയിലെ ദമ്പതികൾക്കാണ് ദാരുണാനുഭവം.
പ്രസവ വേദന ആരംഭിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് കൊണ്ടോട്ടി കിഴിശേരി സ്വദേശിയായ യുവതി മഞ്ചേരി മെഡിക്കൽ കോളേജിലത്തിയത്. ഇരട്ട കുട്ടികളെ ഗർഭം ധരിച്ച യുവതിക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ 15ന് ആന്റിജൻ പരിശോധനയിൽ നെഗറ്റീവായി ക്വാറന്റൈനും പൂർത്തിയാക്കി. എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് പോസിറ്റിവ് ആയവർക്ക് മാത്രമാണ് ചികിത്സ നൽകുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയെ മടക്കി അയച്ചതെന്ന് യുവതിയുടെ ഭർത്താവ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
മൂന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പ്രസവ ചികിത്സയ്ക്ക് കൊവിഡ് നെഗറ്റിവ് ആണന്ന ആന്റിജൻ പരിശോധനാ ഫലം പോരെന്നും ആർ.ടി പി.സി.ആർ ഫലം തന്നെ വേണമെന്നും സ്വകാര്യ ആശുപത്രികൾ നിർബന്ധം പിടിച്ചതിനാൽ അവിടെയും ചികിത്സ ലഭ്യമായില്ല. തുടർന്ന് വേദന സഹിച്ച് 14 മണിക്കൂറാണ് ചികിത്സ കിട്ടാതെ യുവതിക്ക് അലയേണ്ടി വന്നത്. ശേഷം ഇന്നലെ വൈകിട്ട് ആറിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ലഭ്യമായത്. ഇന്ന് ആറു മണിയോടെ യുവതി പ്രസവിച്ചെങ്കിലും രണ്ട് കുട്ടികളും മരണപ്പെടുകയായിരുന്നു.